ന്യൂഡെൽഹി:കാർഷിക നിയമങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്വാദി പാർട്ടി പ്രസിഡണ്ട് അഖിലേഷ് യാദവ്. അധികാരത്തിന്റെ ഗർവ് സർക്കാരിനെ അന്ധരും ബധിരരുമാക്കിയെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. കർഷകരെ സർക്കാർ ശത്രുക്കളായാണ് കാണുന്നതെന്നും ഇത്തരം ധാർഷ്ട്യം നിറഞ്ഞ നിയമങ്ങളെ ബഹിഷ്കരിക്കാൻ കർഷകർക്ക് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ സംഘടിപ്പിച്ച കർഷക മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിനിടെ 200ൽ അധികം കർഷകർക്ക് ജീവൻ നഷ്ടമായി. എന്നാൽ മോദി സർക്കാർ ഇപ്പോഴും അവരെ ശത്രുക്കളായാണ് കാണുന്നത്. അതിർത്തിയിൽ അവരെ തടയുകയും ചെയ്യുന്നു. ധാർഷ്ട്യം നിറഞ്ഞ ഇത്തരം നിയമങ്ങളെ ബഹിഷ്കരിക്കാൻ കർഷകർക്ക് ശക്തിയുണ്ടെന്ന കാര്യം സർക്കാർ മറക്കരുതെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അധികാരം നൽകിയ ബ്രിട്ടീഷ് പാർലമെന്റിന്റെ കാര്യം സർക്കാർ മനസിലാക്കണം. ചരിത്രം ആവർത്തിക്കുകയാണ്. ഒരുകൂട്ടം കോർപറേറ്റുകൾക്ക് സർക്കാർ അധികാരം കൈമാറുകയാണ്, അഖിലേഷ് യാദവ് പറഞ്ഞു.
അതേസമയം, ഡെൽഹിലെ കർഷകസമരം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രം ഇതുവരെയും തയാറായിട്ടില്ല. എന്നാൽ നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം.
Read also: കേരളത്തിലും അസമിലും പ്രചാരണം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്






































