ന്യൂഡെൽഹി:ഇന്ത്യയിലെ ഏഴു സംസ്‌ഥാനങ്ങളിൽ പൊതുഗതാഗത്തിനായി കരാറുകൾ ഉറപ്പിക്കാൻ പ്രമുഖ സ്വീഡിഷ് വാഹന നിർമാണ കമ്പനി ഇന്ത്യയിലെ ചിലർക്ക് കൈക്കൂലി നൽകിയെന്ന് ആരോപണം. കമ്പനിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട് ഉദ്ധരിച്ച് സ്വീഡിഷ് ഔദ്യോഗിക മാദ്ധ്യമമായ എസ്‌വിടിയാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്.
കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്‌കരിയുടെ മകളുടെ വിവാഹത്തിന് ഇതേ കമ്പനി ആഡംബര ബസ് നൽകിയെന്നും ആരോപണമുണ്ട്. അതേസമയം, ആരോപണം അടിസ്‌ഥാനരഹിതമാണെന്നും കെട്ടിച്ചമതാണെന്നും മന്ത്രിയുടെ ഓഫീസ് പ്രസ്‌താവനയിൽ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ആരോപണം ഉന്നയിച്ച് മാദ്ധ്യമങ്ങൾ വാർത്ത നൽകിയത്. ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിദേശ വാഹന നിർമാണകമ്പനി ഇന്ത്യയുടെ കേന്ദ്രമന്ത്രിക്ക് കൈക്കൂലി നൽകിയെന്ന ആരോപണം ഗുരുതരമാണെന്ന് കോൺഗ്രസ് വക്‌താവ് സുപ്രിയ ഷിൻഡെ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്താൻ തയ്യാറാവണമെന്ന് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ ആവശ്യപ്പെട്ടു.
2013-2016 കാലഘട്ടത്തിലാണ് വിവാദങ്ങൾക്ക് അടിസ്‌ഥാനമായ സംഭവങ്ങൾ നടക്കുന്നത്. ഇന്ത്യയിലെ പൊതുമേഖലാ ബസ് കമ്പനികളുമായി കരാറുകൾ ഉറപ്പിക്കുന്നതിന് നിർമാതാക്കൾ വൻതുക കൈക്കൂലി നൽകിയതായും ഇന്ത്യയിലെ കൽക്കരി കമ്പനിക്ക് 100 ട്രക്കുകൾ കൈമാറിയതായി വ്യാജവാഹന രേഖകൾ ഉണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. മകളുടെ വിവാഹ ആവശ്യത്തിനായി ആഡംബര ബസ് ഗഡ്‌കരിയുടെ മകനുമായി ബന്ധപ്പെട്ട കമ്പനിക്ക് നൽകിയതായും ഇതിന്റെ വില പൂർണമായും നൽകിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.
അതേസമയം, നിതിൻ ഗഡ്‌കരിക്ക് സ്‌കാനിയ ബസ് വിറ്റിട്ടില്ലെന്ന് കമ്പനി വക്‌താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കൂടുതൽ വിശദീകരണം നൽകാൻ വക്‌താവ് തയാറായിട്ടില്ല. ആരോപണം ഉയർന്ന സാഹചര്യത്തിൽ സ്‌കാനിയ വാഹനനിർമാണ കമ്പനി ഇന്ത്യയിൽ ബസ് വിൽപ്പന നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്.
Read also: ഡോളര്‍കടത്ത് കേസ്; കസ്‌റ്റംസിന് മുന്നില്‍ സ്‌പീക്കര്‍ ഇന്ന് ഹാജരാകില്ലെന്ന് റിപ്പോർട്







































