തിരുവനന്തപുരം: ഇന്ന് സ്‌ഥാനാർഥി പ്രഖ്യാപനം നടക്കാനിരിക്കെ കോൺഗ്രസിന് തലവേദനയായി പോസ്‌റ്റർ പ്രതിഷേധം. വാമനപുരത്ത് ആനാട് ജയനെതിരെയും തരൂരിൽ കെ. ഷീബക്കെതിരെയുമാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ചേലക്കരയിൽ സിസി ശ്രീകുമാറിനെതിരെയും ഫ്ളക്സ് ബോർഡുകൾ സ്‌ഥാപിച്ചിട്ടുണ്ട്.
‘ഇറക്കുമതി സ്‌ഥാനാർഥികളെ തരൂരിൽ കൊണ്ടുവന്ന് മണ്ഡലത്തെ നശിപ്പിക്കാൻ നോക്കിയാൽ കൈയും കെട്ടിയിരിക്കുമെന്ന് കരുതേണ്ടാ’ എന്നാണ് രമ്യ ഹരിദാസ് എംപിയുടെ ഓഫീസിനു മുന്നിൽ പതിച്ച പോസ്‌റ്ററില്‍ ഉള്ളത്.
വാമനപുരത്തെ സീറ്റ് കള്ളൻമാർക്കും കൊള്ളക്കാർക്കും കൊടുക്കരുതെന്ന് ആനാട് ജയനെതിരെ കല്ലറയിൽ പതിച്ച പോസ്‌റ്ററിൽ പറയുന്നു.
ചേലക്കരയിൽ സിസി ശ്രീകുമാറിനെതിരെയും ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിവിധയിടങ്ങളിൽ ഉയർന്ന ഫ്‌ളക്‌സ് ബോർഡുകളിൽ വിജയസാധ്യത ഇല്ലാത്ത സിസി ശ്രീകുമാറിനെ ചേലക്കരക്ക് വേണ്ട എന്നാണ് കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്‌ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് ചാലക്കുടിയിൽ പരസ്യ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഇറങ്ങിയിരുന്നു. ‘ഇറക്കുമതി സ്‌ഥാനാർഥികൾ വേണ്ടേ വേണ്ട’ എന്ന മുദ്രാവാക്യം ഉയർത്തി ‘സേവ് കോൺഗ്രസ്’ എന്ന പേരിലായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
ചാലക്കുടിക്കാരനെ മാത്രമേ സ്‌ഥാനാർഥിയായി അംഗീകരിക്കുകയുള്ളൂ എന്നാണ് പ്രവർത്തകരുടെ നിലപാട്. മാത്യു കുഴൽനാടൻ, ടിജെ സനീഷ് കുമാർ എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്. എന്നാൽ ഇവർക്ക് പകരം ഷോൺ പല്ലിശേരിയെയോ ഷിബു വാലപ്പനെയോ സ്‌ഥാനാർഥിയാക്കണം എന്നാണ് കോൺഗ്രസുകാർ ആവശ്യപ്പെടുന്നത്.
Read Also: സ്‌കാനിയ ഇന്ത്യയിൽ കോഴ നൽകിയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്







































