ഹരിപ്പാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനും ഇടതുപക്ഷ സർക്കാരിനും എതിരെ അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ഭരണത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. യുഡിഎഫ് ഐതിഹാസിക വിജയം നേടും. ജനം പ്രതിപക്ഷത്തിനൊപ്പം നിൽക്കും. എൽഡിഎഫ് സർക്കാരിന് എതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് ഇപ്പോൾ നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൽഡിഎഫ് കടപുഴകും, ബിജെപിയുടെ അഡ്രസ് പോലും ഉണ്ടാകില്ല.
നിരീശ്വരവാദിയായ പിണറായി വിജയൻ അയ്യപ്പന്റെ കാല് പിടിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പമാണെന്ന് പിണറായി വിജയൻ പറഞ്ഞതിന് എതിരെ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
അയ്യപ്പ ഭക്‌തൻമാരുടെ വികാരങ്ങളെ ചവിട്ടിമെതിച്ച മുഖ്യമന്ത്രിയോട് അയ്യപ്പനും വിശ്വാസികളും പൊറുക്കില്ല. ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രിയാണിത്. തീർച്ചയായും അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവും പിണറായി വിജയനും സർക്കാരിനും എതിരെ ഉണ്ടാകും, രമേശ് ചെന്നിത്തല പറഞ്ഞു.
Read also: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം സ്വന്തമാക്കും; എംടി രമേശ്