ദുബായ്: കോവിഡ് കാലത്തെ തൊഴിലില്ലായ്മ മുതലെടുത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുടെ മറവിൽ 150 പേരെയോളം വഞ്ചിച്ച സംഘത്തെ ദുബായ് പോലീസ് പിടികൂടി. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഇവർ ആളുകളെ വലയിലാക്കിയിരുന്നത്. ജോലി തേടി സമീപിക്കുന്ന ആളുകളിൽ നിന്നും ഇവർ ബാങ്ക് അക്കൗണ്ടിലൂടെ പണം സ്വീകരിച്ചിരുന്നു.
” സംഘം അപേക്ഷകരിൽ നിന്നും റിക്രൂട്ട്മെന്റ് ഫീസ്, നികുതി, അഭിമുഖത്തിനുള്ള ബുക്കിംഗ് ഫീസ് തുടങ്ങിയ പേരിൽ വൻ തുക ഈടാക്കിയിരുന്നു”- ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം തലവൻ ബ്രിഗേഡിയർ ജമാൽ അൽ ജലാഫ് പറഞ്ഞു.
ആയിരം മുതൽ മൂവായിരം ദിർഹം ഓരോ അപേക്ഷകരിൽ നിന്നും ഇവർ കൈപ്പറ്റിയിട്ടുണ്ട്. തൊഴിൽ വിസ സ്ഥിരപ്പെടുത്തുന്നതിനായും ആളുകൾ ഇവരെ സമീപിച്ചിട്ടുണ്ട്. ഏകദേശം 150 പേർക്കോളം പണം നഷ്ടപ്പെട്ടുവെന്നാണ് ദുബായ് പോലീസ് അറിയിക്കുന്നത്.
ദുബായ് പോലീസും മാനവ വികസനശേഷി മന്ത്രാലയവും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികളുടെ വലയിൽ വീഴാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിച്ചു.







































