തിരുവനന്തപുരം: ലതികാ സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മും ലതികാ സുഭാഷുമായുള്ള ബന്ധത്തെ കുറിച്ച് കോട്ടയത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച സ്‌ഥാനാർഥി പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. വിജയമായിരുന്നു പട്ടികയുടെ മാനദണ്ഡം. കോൺഗ്രസ് ഏകാധിപത്യ പാർട്ടിയല്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
കോൺഗ്രസ് 55 ശതമാനം പുതുമുഖങ്ങളെയാണ് സ്‌ഥാനാർഥികളാക്കിയത്. ഇക്കാര്യത്തിൽ സോണിയാ ഗാന്ധി അതീവ ജാഗ്രത പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എകെ ആന്റണി നാളെ മുതൽ കേരളത്തിൽ ക്യാംപ് ചെയ്യുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
ഓഖി ചുഴലിക്കാറ്റ് വന്നപ്പോൾ മുഖ്യമന്ത്രി പകച്ചുപോയി. പെട്ടിമുടിയിലെ ദുരന്തമുഖത്തേക്ക് ആദ്യം ഓടിയെത്തിയത് കോൺഗ്രസ് പ്രവർത്തകരാണ്. അക്രമരഹിത കേരളമാണ് കോൺഗ്രസിന്റെ മുദ്രാവാക്യം. നേമം കേരളത്തിന്റെ ഗുജറാത്താണെന്ന പ്രസ്‌താവന അങ്ങേയറ്റം അപകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോൺഗ്രസ് മാത്രമാണ് ഫാസിസത്തിന് എതിരെ പോരാടുന്നത്. നേമം ഒരിക്കലും ഗുജറാത്ത് ആകില്ല. അതുകൊണ്ടാണ് കരുത്തനായ സ്‌ഥാനാർഥിയെ നേമത്ത് കോൺഗ്രസ് നിർത്തിയത്. കുമ്മനത്തെ പരാജയപ്പെടുത്താൻ സിപിഎം ദുർബലനായ സ്‌ഥാനാർഥിയെയാണ് നിർത്തിയത്. ഇതിൽ നിന്ന് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര മനസിലാക്കാൻ സാധിക്കുമെന്നും മുല്ലപ്പള്ളി വിമർശിച്ചു.
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഓഖി ദുരന്തത്തിൽ പെട്ടവരുടെ മക്കൾക്ക് സർക്കാർ ജോലി നൽകുമെന്നും മുല്ലപ്പള്ളി വാഗ്‌ദാനം ചെയ്‌തു. ഇന്ന് വൈകുന്നേരം യുഡിഎഫിന്റെ സ്‌ഥാനാർഥി പ്രഖ്യാപനം പൂർത്തിയാകുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
Also Read: വടകരയിൽ ആർഎംപി സ്‌ഥാനാർഥി കെകെ രമ തന്നെ; യുഡിഎഫ് പിന്തുണക്കും







































