കോഴിക്കോട്: തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസിൽ കൊടൽ നടക്കാവ് മറീന മോട്ടോഴ്‌സിന് സമീപം ബൈക്ക് യാത്രികന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് ശേഷം നിർത്താതെ പോയ കാർ കണ്ടെത്തി. പൊതുജനങ്ങളുടെ സഹായത്തോടെ കോട്ടയം പാലാ മേവട എന്ന സ്‌ഥലത്തു നിന്നാണ് KL 24 T 3285 ടാക്‌സി വാഹനം കണ്ടെത്തിയത്.
ഫെബ്രുവരി 24ന് രാത്രി ഏഴരക്കാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ കുറ്റിക്കാട്ടൂർ പേരിയ സ്വദേശി മുഹമ്മദ് ആദിലിനെ (18) ഇടിച്ചിട്ട കാർ നിർത്താതെ പോവുകയായിരുന്നു. വാഹനം കണ്ടെത്തുന്നതിനായി പന്തീരാങ്കാവ് പോലീസ് അപകട സ്‌ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ ഭാഗങ്ങളുടെ ചിത്രം സഹിതം വാർത്താ മാദ്ധ്യമങ്ങളിലൂടെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു.
സഹായം അഭ്യർഥിച്ചുള്ള പോലീസിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് വൈറലായിരുന്നു. ഇതിനെത്തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് കേടുപാടുകൾ തീർത്ത നിലയിൽ വാഹനം കണ്ടെത്തിയത്. വാഹനം റിപ്പയർ ചെയ്‌ത വർക്ക്ഷോപ്പിൽ എത്തിയ പോലീസ്, അപകടത്തിൽ തകർന്ന ബംപറും വർക്ക്ഷോപ്പിനകത്തു നിന്നുള്ള ചിത്രങ്ങളും ശേഖരിച്ചു.
അപകട സ്‌ഥലത്തു നിന്ന് ലഭിച്ച ബംപറിന്റെ ഭാഗങ്ങളുമായി ഒത്തു നോക്കിയാണ് വാഹനം ഇത് തന്നെയാണെന്ന് ഉറപ്പിച്ചത്. പന്തീരാങ്കാവ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ ജോസ്, എസ്ഐ കെഎസ് ജിതേഷ്, എഎസ്ഐ ഉണ്ണി, സിപിഒ മുഹമ്മദ്, ദിവാകരൻ, രൂപേഷ്, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപകടം ഉണ്ടാക്കിയ കാറിന്റെ ഡ്രൈവറെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചേർത്ത് കേസെടുക്കുമെന്നും പോലീസ് വ്യക്‌തമാക്കി.
Malabar News: ജില്ലയുടെ വിധി നിർണയിക്കാൻ 25.58 ലക്ഷം വോട്ടർമാർ



































