തിരുവനന്തപുരം: പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ ശുഹൈബ് വധക്കേസ് ഒന്നാംപ്രതി ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. പൊലീസ് നാടകം കളിക്കുന്നുവെന്നും സുധാകരന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ആകാശ് തില്ലങ്കേരി രാവിലെ അദ്ദേഹത്തിന്റെ ബൂത്തില്‍ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം പാനൂരില്‍ പോയിട്ടുണ്ട്. ആകാശിന്റെ സാന്നിദ്ധ്യം പാനൂരിലും പരിസരത്തും ഉണ്ടായിരുന്നുവെന്ന് വ്യക്തമായ സൂചനകള്‍ നമുക്ക് കിട്ടിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അദ്ദേഹത്തെ കണ്ട സാക്ഷിയെ ഞങ്ങള്‍ ഹാജരാക്കാം,’ സുധാകരന് പറഞ്ഞു.
അതേസമയം, കൊലക്കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് റിപ്പോർട്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ഷിനോസിന്റെ ഫോണിൽ നിന്ന് ഗൂഢാലോചന തെളിയിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് സൂചന.
വാട്സ്ആപ്പിലൂടെയാണ് കൊലപാതകത്തിന്റെ ഗൂഡാലോചന നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിന് പണികൊടുക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങൾ ഫോണിൽ ഉണ്ടായിരുന്നു. അതിന് വേണ്ടി ബോംബ്, മറ്റു ആയുധങ്ങൾ ശേഖരിച്ചത് വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് എന്നാണ് പോലീസ് അനുമാനിക്കുന്നത്.
Read also: ഗൂഢാലോചന; ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ






































