പാലക്കാട്: കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ നിയന്ത്രങ്ങൾ കടുപ്പിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി കോവിഡ് ബാധിത മേഖലകളെ കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിക്കാൻ നടപടി തുടങ്ങി. ജില്ലയിലെ ചികിൽസാ സൗകര്യങ്ങളും വർധിപ്പിച്ചു തുടങ്ങി. ജില്ലാ ആശുപത്രിയിൽ കോവിഡ് ചികിൽസാ സംവിധാനം സജ്ജമാക്കി.
തീവ്ര കോവിഡ് ബാധിതരെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുക. കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ എഫ്എൽടിസി ഇപ്പോഴും പ്രവർത്തനം തുടരുന്നുണ്ട്. ബി, സി കാറ്റഗറിയിൽ ഉൾപ്പെട്ടവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. മാങ്ങോട് മെഡിക്കൽ കോളേജിലെ കോവിഡ് ചികിൽസാ സൗകര്യവും ഇപ്പോഴും നിലനിർത്തുന്നുണ്ട്.
ആവശ്യമെങ്കിൽ ഇവിടങ്ങളിൽ കൂടുതൽ സൗകര്യം ഒരുക്കും. അതേസമയം, കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. അതേസമയം, കൂടുതൽ മേഖലകൾ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടു തുടങ്ങി.
ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 250 കടന്നിരിക്കുകയാണ്. ആഴ്ചകൾക്കു ശേഷമാണ് കോവിഡ് ബാധിതരുടെ എണ്ണം 200 കടക്കുന്നത്. ഇന്നലെ 252 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 96 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 138 പേരുടെ ഉറവിടം വ്യക്തമല്ല. പാലക്കാട് നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത്. 35 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 1948 പേർ ചികിൽസയിൽ തുടരുന്നു. അതേസമയം, 170 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കും പോളിങ് ഏജന്റുമാർക്കുമായി 12,13 തീയതികളിൽ ജില്ലയിൽ കോവിഡ് പരിശോധനയ്ക്ക് പ്രത്യേക സംവിധാനം ഒരുക്കും. ചാലിശ്ശേരി, ഓങ്ങല്ലൂർ, അലനല്ലൂർ, കൊല്ലങ്കോട്, കഞ്ചിക്കോട് കിൻഫ്ര എന്നിവിടങ്ങളിലാണ് കോവിഡ് പരിശോധനാ സംവിധാനം ഒരുക്കുക. ലക്ഷണം ഉള്ളവർക്കുൾപ്പടെ ഇവിടെ പരിശോധന നടത്താം.
Malabar News: കെകെ രമയുടെ പോസ്റ്ററുകളിൽ തല വെട്ടി മാറ്റി; പരാതിയുമായി ആർഎംപി







































