തിരുവനന്തപുരം: പള്ളിപ്പുറത്ത് ദേശീയപാതയിൽ ആഭരണ വ്യാപാരിയെ ആക്രമിച്ച് നൂറ് പവൻ കവർന്നത് 12 അംഗ സംഘമെന്ന് കണ്ടെത്തൽ. ഇതിൽ അഞ്ച് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. പ്രതികളെ കിളിമാനൂർ സ്‌റ്റേഷനിൽ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി എട്ടുമണിയോടെ മംഗലപുരം കുറക്കോട് ടെക്‌നോസിറ്റിക്ക് സമീപത്താണ് ആഭരണ വ്യാപാരി സമ്പത്തും ഇയാളുടെ ഡ്രൈവറും ആക്രമിക്കപ്പെടുന്നത്. സമ്പത്ത് സഞ്ചരിച്ചിരുന്ന കാർ അക്രമികൾ വഴിയിൽ തടഞ്ഞു നിർത്തുകയും ചില്ല് തകർത്ത് മുളകുപൊടി വിതറുകയും ചെയ്‌തു. ആക്രമണത്തിൽ സമ്പത്തിന് വെട്ടേൽക്കുകയും ചെയ്‌തു. ഇയാളുടെ ഡ്രൈവറെ മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു.
രണ്ട് കാറുകളിലായി എത്തിയ കവർച്ച സംഘം ആറ്റിങ്ങലിലെ ഒരു സ്വർണക്കടയിൽ കൊടുക്കാൻ കൊണ്ടുവന്ന 788 ഗ്രാം സ്വർണമാണ് കവർന്നത്. കഴിഞ്ഞ ദിവസം പ്രതികൾ സഞ്ചരിച്ച കാറുകളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പ്രതികളെ പിടികൂടിയത്.
Also Read: ജലീലിനെതിരായ ലോകായുക്‌ത വിധി; സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം







































