കാബൂൾ: രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേന പിൻമാറ്റം പൂർണമാക്കാൻ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. 2001ലെ ഭീകരാക്രമണത്തിന്റെ 20ആം വാർഷികമായ സെപ്റ്റംബർ 11നകം എല്ലാ സൈനികരെയും പിൻവലിക്കാനാണ് അമേരിക്കൻ തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നടത്തുമെന്നാണ് സൂചന.
2,500 യുഎസ് സൈനികരാണ് നിലവിൽ അഫ്ഗാനിസ്ഥാനിലുള്ളത്. 7,000 മറ്റു വിദേശ സൈനികരുമുണ്ട്. അമേരിക്ക സൈനികരെ പിൻവലിക്കുന്നതിനൊപ്പം നാറ്റോ സഖ്യകക്ഷികളും സൈനികരെ പിൻവലിച്ചേക്കും. മെയ് ഒന്നിന് പുതിയ പിൻമാറ്റം ആരംഭിക്കും. താലിബാനുമായി കഴിഞ്ഞവർഷം ട്രംപ് ഭരണകൂടം നടത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്. പിൻമാറ്റം പൂർത്തിയാകുന്നതോടെ അഫ്ഗാനിസ്ഥാനിലെ യുഎസ് എംബസിക്ക് മാത്രമാകും സുരക്ഷാ സൈനികർ കാവലുണ്ടാകുക.
2001 മുതൽ 8 ലക്ഷം യുഎസ് സൈനികർ അഫ്ഗാനിസ്ഥാനിൽ മാറിമാറി സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2,300 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 20,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ഇതേ കാലയളവിൽ അരലക്ഷം അഫ്ഗാൻ സിവിലിയൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്.
Read also: കഷ്ടകാലത്തിൽ നിന്ന് കരകയറാതെ എവർഗിവൺ; കപ്പൽ ഈജിപ്ത് പിടിച്ചെടുത്തു







































