കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗ വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും കോവിഡ് ടെസ്റ്റ് മഹായജ്ഞം സംഘടിപ്പിക്കും. രണ്ടു ദിവസവും 20,000 വീതം കോവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. കളക്ടർ സാംബശിവറാവു ആണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും മെഡിക്കല്‍ ഓഫീസര്‍മാരുടെയും ഓണ്‍ലൈന്‍ യോഗത്തിൽ ആയിരുന്നു തീരുമാനം.
മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, മാളുകള്‍, തുടങ്ങിയ പൊതു ഇടങ്ങളില്‍ ക്യാമ്പുകള്‍ ഒരുക്കും. രോഗവാഹകരെ നേരത്തെ കണ്ടെത്തി ക്വാറന്റെയ്ൻ ചെയ്ത് രോഗം പടരുന്നത് തടയുകയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും ചേർന്നാണ് ഇതിനുളള സൗകര്യങ്ങളൊരുക്കുക.
കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന നിലയാണ്. പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ഒന്നാകെ കൂടിച്ചേര്‍ന്നതും നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഇരുന്നതുമാണ് രോഗവ്യാപനം രൂക്ഷമാക്കിയതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായത്.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത എല്ലാവരേയും ടെസ്റ്റിന് വിധേയരാക്കി എന്ന് ഉറപ്പുവരുത്തും. കൂടാതെ വയോജനങ്ങള്‍, മറ്റ് രോഗങ്ങളും രോഗ ലക്ഷണങ്ങളും ഉളളവര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അധ്യാപകര്‍, പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരേയും ടെസ്റ്റിന് വിധേയമാക്കും.
അതേസമയം ഷോപ്പുകള്‍, ഹോട്ടലുകള്‍, തിരക്കേറിയ മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെയും ബസ്, ടാക്സി ജീവനക്കാരെയും നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്താൻ ഉടമകള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കും.
നിലവില്‍ പ്രതിദിനം 10,000 പേരെയാണ് ടെസ്റ്റ് നടത്തുന്നത്. എന്നാൽ രോഗവ്യാപനം രൂക്ഷമാകുന്നത് രോഗികളുടെ മരണ നിരക്ക് ഉയരാന്‍ ഇടയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
Malabar News: വസ്ത്ര നിർമാണശാലയില്‍ 29 ജീവനക്കാര്‍ക്ക് കോവിഡ്; അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്









































