കോഴിക്കോട്: വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനക്കെതിരെ പരാതികൾ വ്യാപകമാകുന്നു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് പരിശോധനാ ഫലങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിലെ സ്വകാര്യ ലാബ് അധികൃതർ കൃത്രിമം നടത്തുന്നുവെന്നാണ് യാത്രക്കാരുടെ ആരോപണം. പരിശോധനയിലെ പാളിച്ചകൾ നേരിട്ട് അന്വേഷിച്ച് റിപ്പോർട് നൽകാൻ അഡീഷണൽ ഡിഎംഒയെ ചുമതലപ്പെടുത്തിയതായി മലപ്പുറം ഡിഎംഒ അറിയിച്ചു.
48 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ വിദേശത്തേക്ക് പോകാനാകൂ. ഇത്തരത്തിൽ പരിശോധന നടത്താൻ കരിപ്പൂർ വിമാനത്താവളത്തിൽ സജ്‌ജമാക്കിയ ലാബിനെതിരെയാണ് പരാതി ഉയരുന്നത്. കഴിഞ്ഞ ദിവസം ദുബായിലേക്ക് പുറപ്പെട്ട കോഴിക്കോട് സ്വദേശി ലതീഷ് യാത്രക്ക് മുന്നോടിയായി വിമാനത്താവളത്തിന് പുറത്ത് നിന്നെടുത്ത പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആയതോടെ യാത്ര നിർത്തലാക്കി മടങ്ങേണ്ടി വന്നു.
വിമാനത്താവളത്തിലെ ലാബിൽ നടത്തിയ പരിശോധനാ ഫലത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വീണ്ടും പുറത്ത് വന്ന് പരിശോധിച്ചപ്പോൾ വീണ്ടും ഫലം നെഗറ്റീവ്. പിന്നാലെ, ആരോഗ്യമന്ത്രിക്ക് ഉൾപ്പടെ ലതീഷ് പരാതി നൽകിയിട്ടുണ്ട്. സമാന അനുഭവം പത്തോളം പേർക്ക് ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.
ജില്ലാ ഭരണകൂടം ടെൻഡർ വഴി നിയമിച്ച സ്വകാര്യ ലാബുകളാണ് വിമാനത്താവളങ്ങളിൽ പരിശോധന നടത്തുന്നത്. പരാതികൾ വ്യാപകമായതോടെ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം അഡീഷണൽ ഡിഎംഒ കരിപ്പൂർ വിമാനത്താവളത്തിലെ ക്രമക്കേടുകൾ പരിശോധിച്ച് റിപ്പോർട് നൽകും. അതേസമയം, ആരോപണങ്ങളെല്ലാം ലാബ് അധികൃതർ തള്ളി. പരിശോധനയിൽ പിഴവുകൾ സംഭവിച്ചിട്ടില്ലെന്നാണ് വിശദീകരണം.
Also Read: മാദ്ധ്യമങ്ങളുടെ ശബ്‌ദം ഇല്ലാതാക്കാനുള്ള ശ്രമം; മീഡിയവൺ വിലക്കിൽ കനിമൊഴി