ചെന്നൈ: മാദ്ധ്യമങ്ങളുടെ ശബ്‌ദമില്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മീഡിയവണിന്റെ വിലക്കെന്ന് ഡിഎംകെ നേതാവും എംപിയുമായ എംകെ കനിമൊഴി. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നു വരണമെന്നും കനിമൊഴി പറഞ്ഞു.
ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ആദ്യ പടിയാണ് മാദ്ധ്യമങ്ങളുടെ ശബ്‌ദമില്ലാതാക്കുക എന്നത്. രാജ്യത്ത് ഇത് ആദ്യത്തെ സംഭവമല്ല. അഭിപ്രായ സ്വാതന്ത്രത്തെ ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉയർന്നു വരണം; കനിമൊഴി വ്യക്‌തമാക്കി.
മീഡിയവൺ വിലക്കിനെതിരെ കൂടുതൽ എംപിമാരും ജനപ്രതിനിധികളും രംഗത്തെത്തി. ജനാധിപത്യ രാജ്യത്ത് ഇത്തരം വിലക്കുകൾ സംഭവിക്കാൻ പാടില്ലാത്തതാണെന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
രാജ്യത്ത് അടിയന്തരാവസ്‌ഥയെക്കാൾ മോശം സാഹചര്യമാണെന്നതിനുള്ള തെളിവാണിതെന്ന് കർഷക നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ചാനൽ സംപ്രേഷണമല്ല, സർക്കാർ വിവരങ്ങൾ ചോർത്തുന്നതാണ് യഥാർഥ സുരക്ഷാപ്രശ്‌നം. ഇസ്രയേലിൽ നിന്ന് സോഫ്റ്റ് വെയർ വാങ്ങി മാദ്ധ്യമ പ്രവർത്തകരുടെയും ജഡ്‌ജിമാരുടെയും പൗരൻമാരുടെയും വിവരങ്ങൾ സർക്കാർ ചോർത്തുന്നു; യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി.
മാദ്ധ്യമത്തിന് എതിരായ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ലോകസഭ എംപി സുപ്രിയ സുലെയും പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് സുലെ കുറ്റപ്പെടുത്തി. മീഡിയവൺ വിലക്കിയ നടപടിയുടെ കാരണം കേന്ദ്രം വ്യക്‌തമാക്കണമെന്ന് തൃണമൂൽ എംപി മഹുവ മൊയ്‌ത്രയും ട്വിറ്ററിൽ പ്രതികരിച്ചിരുന്നു.
Most Read: കാറില്‍ തനിച്ചാണെങ്കില്‍ മാസ്‌ക് വേണ്ട; നിയന്ത്രണങ്ങളിൽ മാറ്റംവരുത്തി ഡെൽഹി