ഡെൽഹി: കാര്‍ ഓടിക്കുമ്പോള്‍ വാഹനത്തില്‍ തനിച്ചാണെങ്കില്‍ മാസ്‌ക് ധരിക്കേണ്ടെന്ന് വ്യക്‌തമാക്കി ഡെൽഹി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഡെൽഹി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.
കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രഖ്യാപിച്ച ചില നിയന്ത്രണങ്ങള്‍ വിചിത്രമാണെന്ന് ഡെൽഹി ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയത്.
കാറില്‍ തനിയെ ഇരിക്കുന്ന ആള്‍ മാസ്‌ക് ധരിച്ചില്ലെന്ന് കാണിച്ച് പിഴ ഈടാക്കിയതും കാറില്‍ അമ്മക്കൊപ്പമിരുന്ന് കാപ്പി കുടിക്കുന്നതിനായി മാസ്‌ക് മാറ്റിയ ആള്‍ക്കെതിരെ പിഴ ചുമത്തിയതും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ഇത്തരം വിചിത്രമായ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു കൂടേയെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
അതേസമയം കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡെൽഹിയിൽ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു. സ്‌കൂളുകൾക്കും കോളേജുകൾക്കും നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകി. ഒമ്പത് മുതൽ 12 വരെ ക്ളാസുകൾ ഫെബ്രുവരി 7 മുതൽ തുറന്ന് പ്രവർത്തിപ്പിക്കാം. എന്നാൽ വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർക്ക് സ്‌കൂളുകളിൽ പ്രവേശനമുണ്ടാകില്ല. ജിമ്മുകൾക്കും നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതിയുണ്ട്.
Most Read: മാർച്ച് പകുതിയോടെ മൂന്നാം തരംഗം നിയന്ത്രണ വിധേയമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ