ഡെൽഹി: രാജ്യത്ത് മാർച്ച് പകുതിയോടെ കോവിഡ് മൂന്നാം തരംഗം പൂർണമായും നിയന്ത്രണ വിധേയമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ. നിലവിൽ റിപ്പോർട് ചെയ്യുന്ന കേസുകൾ പകുതിയായി കുറയുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്നും ഒന്നരലക്ഷത്തിൽ താഴെ കോവിഡ് കേസുകളാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ ടിപിആർ കുറഞ്ഞത് ആശ്വാസം നൽകുന്നുണ്ടെങ്കിലും മരണ നിരക്ക് ഉയരുന്നത് പ്രധാന ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്.
രാജ്യത്തെ ആകെ കോവിഡ് മരണം അഞ്ചു ലക്ഷം കടന്നിരിക്കുകയാണ്. ഇതോടെ കോവിഡ് മരണം അഞ്ച് ലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്നലെ 1072 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്. മൂന്നാം തരംഗത്തിൽ കോവിഡ് ബാധിച്ച് മരിച്ച 90 ശതമാനം ആളുകളും വാക്‌സിൻ സ്വീകരിച്ചവരാണെന്നുള്ളത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
രാജ്യത്ത് കൗമാരക്കാരുടെ വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. വാക്‌സിനേഷൻ ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോൾ 65 ശതമാനം കുട്ടികളും ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കോവിഡ് കേസുകൾ കുറഞ്ഞതോടെ ഡെൽഹിയിൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചു. വിദ്യാർഥികളിൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ആരോഗ്യ മന്ത്രാലയം കർശന ജാഗ്രത പുലർത്തുന്നുണ്ട്.
Most Read: ഗൂഢാലോചന കേസ്; സർക്കാർ വാദത്തിനുള്ള മറുപടി ദിലീപ് ഇന്ന് കൈമാറും