എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ സർക്കാർ വാദത്തിനുള്ള മറുപടി ദിലീപ് ഇന്ന് കോടതിയിൽ സമർപ്പിക്കും. പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ വിശദീകരണം നൽകിയിരുന്നു. അതിന് മറുപടി നൽകാൻ ഇന്ന് രാവിലെ 9.30 വരെയാണ് ദിലീപിന് കോടതി സമയം അനുവദിച്ചിട്ടുള്ളത്. ഇത് കൂടി പരിഗണിച്ചായിരിക്കും തിങ്കളാഴ്‌ച ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുക.
ജസ്‌റ്റിസ് പി ഗോപിനാഥ് ആണ് തിങ്കളാഴ്‌ച കേസിൽ വിധി പറയുന്നത്. ഇനിയും വാദം പറയാനുണ്ടെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു. അവ ശനിയാഴ്‌ച രേഖാമൂലം കോടതിക്ക് കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൂടാതെ ജാമ്യം ലഭിച്ചാൽ പ്രതികള്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതിയുടെ അനുമതി ഇല്ലാതെയും, നടപടി ക്രമങ്ങൾ പാലിക്കാതെയുമാണ് കേസിൽ അന്വേഷണം തുടരുന്നതെന്നും ദിലീപ് ആരോപണം ഉന്നയിച്ചു.
Read also: മുംബൈ സ്‍ഫോടന പരമ്പര; മുഖ്യ സൂത്രധാരൻ പിടിയിൽ