മീഡിയാ വൺ ചാനൽ; സംപ്രേഷണ വിലക്ക് നീക്കി സുപ്രീം കോടതി

ചാനലിന്റെ ലൈസൻസ് നാലാഴ്‌ചക്കകം പുതുക്കി നൽകണമെന്നും കോടതി ഉത്തരവിട്ടു.

By Trainee Reporter, Malabar News
media one
Ajwa Travels

ന്യൂഡെൽഹി: മീഡിയാ വൺ ചാനലിന് വിലക്കേർപ്പെടുത്തിയ നടപടി സുപ്രീം കോടതി നീക്കി. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ്‌ ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ചാനലിന്റെ ലൈസൻസ് നാലാഴ്‌ചക്കകം പുതുക്കി നൽകണമെന്നും കോടതി ഉത്തരവിട്ടു.

ജനാധിപത്യത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. സർക്കാരിനെ വിമർശിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ല. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. വിലക്കിന്റെ കാരണം പുറത്തു പറയാത്തതും നീതീകരിക്കാനാവില്ല. ദേശസുരക്ഷ പറഞ്ഞു കാരണം വെളിപ്പെടുത്താത്തത് അംഗീകരിക്കാൻ ആവില്ലെന്നും വിധി പ്രസ്‌താവിച്ച ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് വ്യക്‌തമാക്കി.

ചാനലിന്റെ വിമർശനങ്ങളെ സർക്കാർ വിരുദ്ധമാണെന്ന് കാണാനാവില്ല. സർക്കാരിനൊപ്പം എപ്പോഴും മാദ്ധ്യമങ്ങൾ നിൽക്കണമെന്ന് നിർബന്ധം പിടിക്കരുത്. സത്യം പറയുകയെന്നത് മാദ്ധ്യമ ധർമമാണ്. കഠിനമായ യാഥാർഥ്യങ്ങൾ ജനങ്ങളെ അറിയിക്കേണ്ടത് കടമയാണെന്നും കോടതി അറിയിച്ചു. ഇതോടെ, ചാനലിന് എതിരായ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

2022 ജനുവരി 31ന് ഉച്ചയോടെയാണ് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം തടഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്നും ചാനല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. തുടര്‍ന്നാണ് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുന്നുവെന്ന് വ്യക്‌തമാക്കിയത്.

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് അപ്പീലുമായി ചാനലും പത്രപ്രവർത്തക യൂണിയനും സുപ്രീം കോടതിയെ സമീപിച്ചത്. പ്രക്ഷേപണം വിലക്കിയ നടപടി രാജ്യ താൽപര്യങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, മുൻവിധിയോടെയുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചത് എന്നായിരുന്നു ചാനലിന്റെ വാദം.

Most Read: അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാം; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE