വയനാട് : ജില്ലയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ ബൈക്ക് മോഷ്ടിക്കുന്ന സംഘത്തിലെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് പെരുമ്പിയിൽ പിഎ മുഹമ്മദ് അജ്നാസ്(23), കരിങ്കുറ്റി കളരിക്കൽ അതുൽ കൃഷ്ണ(21), കോട്ടത്തറ കരിഞ്ഞകുന്ന് കാഞ്ഞായി കെ അൻസാർ(21), വെണ്ണിയോട് വലിയകുന്ന് വികെ ശരത്(22) എന്നിവരാണ് അറസ്റ്റിലായത്. കമ്പളക്കാട് പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കുറുമ്പാലക്കോട്ട മല സന്ദർശിക്കാൻ എത്തുന്നവർ അടിവാരത്ത് നിർത്തിയിട്ട വിലകൂടിയ ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്. തുടർന്ന് ബൈക്കിന്റെ നമ്പർ പ്ളേറ്റ് ഊരിവച്ച് ഉപയോഗിക്കുമ്പോഴാണ് ഇവർ പോലീസിന്റെ പിടിയിലായത്. കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ മാത്രം ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസത്തിനിടെ 3 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇവ മൂന്നും ചെയ്തത് ഇവർ തന്നെ ആണെന്ന് പോലീസ് വ്യക്തമാക്കി.
പോലീസ് ഇൻസ്പെക്ടർ പി വിഷ്ണു, എസ്ഐ എംവി ശ്രീദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിആർ ദിലീപ് കുമാർ, എം നിസാർ, കെ കമറുദ്ദീൻ, എം അനുപ്, ഇർഷാദ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിലവിൽ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. കൂടാതെ ബൈക്ക് മോഷണ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.
Read also : കോവിഡ് വ്യാപനം രൂക്ഷം; കുംഭമേളയിൽ നിന്നും പിൻമാറുമെന്ന് നിരജ്ഞനി അഖാഡ







































