കോഴിക്കോട് : ജില്ലയിൽ നാദാപുരം മേഖലയിൽ വേനൽമഴ കാര്യമായി ലഭിക്കാത്തതിനാൽ തന്നെ പ്രദേശത്തെ വിഷ്‌ണുമംഗലം പുഴയിലെ ബണ്ടിൽ ജലനിരപ്പ് കുറഞ്ഞു. സമീപ പ്രദേശങ്ങളിൽ എല്ലാം തന്നെ നല്ല രീതിയിൽ വേനൽ മഴ ലഭിച്ചെങ്കിലും നാദാപുരം മേഖലയിൽ ചാറ്റൽമഴ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇതാണ് ബണ്ടിൽ ജലനിരപ്പ് കുറയാൻ കാരണമായത്.
വടകരയിൽ ഭാഗികമായും ഏതാനും പഞ്ചായത്തുകളിൽ പൂർണമായും കുടിവെള്ളം നൽകുന്നത് വിഷ്‌ണുമംഗലം പുഴയിൽ നിന്നാണ്. വെള്ളം കുറഞ്ഞ സാഹചര്യത്തിൽ ഇവിടേക്കുള്ള ജലവിതരണം പ്രതിസന്ധിയിലാകും. നിലവിൽ ബണ്ടിൽ ഉള്ള ജലം ചളിയും മണ്ണും നിറഞ്ഞതാണ്. ഇതിനൊപ്പം തന്നെ പുഴയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്.
പ്ളാസ്‌റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ മലിനമാക്കുന്ന വെള്ളമാണ് ഓരോ ദിവസവും പുറമേരിയിലെ ശുചീകരണ പ്ളാന്റിലേക്ക് പമ്പ് ചെയ്യുന്നത്. നിലവിൽ വിഷ്‌ണുമംഗലം പുഴയോടു ചേർന്നുള്ള പ്രദേശങ്ങളിലെ കിണറുകൾ വറ്റിക്കഴിഞ്ഞു. കൂടാതെ ബണ്ടിന്റെ താഴ്ഭാഗത്തുള്ള പുഴയും വരണ്ടതോടെ പുഴയെ ആശ്രയിക്കുന്ന ആളുകളും നിലവിൽ വലയുന്ന സ്‌ഥിതിയാണ്.
Read also : ട്രെയിനുകളിലും റെയിൽവേ പരിസരത്തും മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ








































