തൃശൂർ : പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ദേവസ്വങ്ങളുടെ യോഗം ഇന്ന് ചേരും. പൂരം ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ പ്രകാരം എങ്ങനെയാണ് നടത്തുകയെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. കൂടാതെ ചെറു പൂരങ്ങളുടെ നടത്തിപ്പും ഇന്ന് ചർച്ച ചെയ്യും. ഒപ്പം തന്നെ പൂരം ചടങ്ങില്‍ ഒതുങ്ങുമ്പോള്‍ ഘടകപൂരങ്ങളില്‍ പങ്കെടുക്കേണ്ട ആനകളുടെയും സംഘാടകരുടെയും കാര്യത്തിലും തീരുമാനം എടുക്കേണ്ടതുണ്ട്.
പൂരത്തിന് പങ്കെടുക്കേണ്ട സംഘാടകരുടെ എണ്ണം, ഘടക ക്ഷേത്രങ്ങളുടെ നിലപാട് എന്നിവ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷം തിരുവമ്പാടി വിഭാഗം ഉൽസവ കമ്മിറ്റി എടുത്ത തീരുമാനം ഒരു ആനയെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങുകൾ നടത്താനാണ്. കൂടാതെ ഘടക ക്ഷേത്രങ്ങളും ചടങ്ങ് മാത്രമായി പൂരത്തില്‍ പങ്കെടുക്കുമെന്നാണ് തിരുവമ്പാടി വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.
അതേസമയം തന്നെ പൊതുജനങ്ങളെ ഒഴിവാക്കി 15 ആനപ്പുറത്തായി ചടങ്ങുകൾ പൂർത്തിയാക്കണമെന്നാണ് പാറമേക്കാവ് ദേവസ്വം വ്യക്തമാക്കുന്നത്. എട്ട് ഘടക ക്ഷേത്രങ്ങളില്‍ നാല് ക്ഷേത്രങ്ങള്‍ക്ക് വീതമാണ് ഓരോ വിഭാഗവും ആനകളെ നല്‍കേണ്ടത്. നിലവിലത്തെ സാഹചര്യത്തില്‍ അത് എത്രത്തോളം പ്രായോഗികമാണെന്നും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Read also : പ്രധാനമന്ത്രി ഉത്തരവാദിത്വം മറക്കുന്നു; പി ചിദംബരം







































