ബദിയടുക്ക ∙ കോവിഡ് പോസിറ്റീവായവർക്ക് ബദിയടുക്കയിൽ തുടങ്ങിയ പ്രാഥമിക ചികിൽസാ കേന്ദ്രത്തിൽ (സിഎഫ്എൽൽടിസി) ഇതുവരെ ഒരാളെയും പ്രവേശിപ്പിച്ചിട്ടില്ല.10 റെഡിമെയ്ഡ് ശുചിമുറികളും ഉപയോഗിക്കാതെ നശിക്കുന്നു. ജില്ലയിൽ വീണ്ടും പ്രാഥമിക ചികിൽസാ കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചിരിക്കെയാണ് മുൻപ് തയാറാക്കിയതിൽ കോവിഡ് പോസിറ്റീവായവരെ പ്രവേശിക്കാത്ത കേന്ദ്രത്തിലെ ശുചിമുറികൾ നശിക്കുന്നത്.
കോവിഡ് രോഗികൾ കൂടിയതോടെയാണ് കഴിഞ്ഞ കോവിഡ് കാലത്ത് പഞ്ചായത്തിൽ കോവിഡ് ചികിൽസാ കേന്ദ്രങ്ങൾ കേന്ദ്രങ്ങൾ തുടങ്ങാൻ കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയിലും മാർത്തോമാ കോളജിലും സൗകര്യമൊരുക്കിയത്. കണ്ണിയത്ത് 100ഉം മാർത്തോമയിൽ 64ഉം ബെഡുകളുള്ള കെട്ടിടമാണ് ഇതിനു തയാറാക്കിയത്. കണ്ണിയത്തെ വിദ്യാർഥികൾ പൊതു ശുചിമുറി ഉപയോഗിച്ചിരുന്നതിനാൽ കോവിഡ് പോസിറ്റീവായവർക്ക് മാത്രമായി 10 റെഡിമെയ്ഡ് ശുചിമുറികളാണ് ഇവിടെ സ്ഥാപിച്ചത്.
കണ്ണിയത്ത് മാത്രമാണ് 10 ശുചിമുറികൾ സ്ഥാപിച്ചത്. മാസങ്ങളായി ഉപയോഗിക്കാത്തതിനാൽ വാതിലുകളുടെ ലോക്കും വിജാഗിരിയും തുരുമ്പെടുത്തിരിക്കുന്നു. വാതിലുകൾ നേരാംവിധം അടയുന്നില്ല. പൈപ്പുകളിലെ ബന്ധം വേർപെട്ടിട്ടുണ്ട്. ഇതിനു വേണ്ടി സെപ്റ്റിക് ടാങ്കും തയാറാക്കിയിരുന്നു. ഈ നില തുടർന്നാൽ ഫൈബറിൽ തയാറാക്കിയ ഈ ശുചിമുറികൾ മഴയേറ്റും വെയിലേറ്റും നശിക്കും.
Also Read: അതിർത്തി കടക്കാൻ കർശന നിയന്ത്രണം; മുത്തങ്ങയിൽ പരിശോധന തുടങ്ങി







































