കാസർഗോഡ്: കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ഏജൻസിക്കെതിരെ വ്യാപക പരാതി. ടെസ്‌റ്റ് ചെയ്‌ത് അഞ്ച് ദിവസം കഴിയുമ്പോഴും ഫലം കിട്ടുന്നില്ല. അതിനാൽ അടിയന്തര ശസ്‌ത്രക്രിയ പോലും വൈകുന്ന സാഹചര്യമാണുള്ളത് എന്ന് അധികൃതർ പറയുന്നു.
പരിശോധനാ ഫലം കൃത്യമായി അപ്‍ലോഡ് ചെയ്യുന്നില്ലെന്നാണ് പരാതി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമയബന്ധിതമായി കൊടുക്കാനാകുന്നില്ല. സർക്കാരിന് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്‌ഥാന സർക്കാരിന് കീഴിലെ കെഎംഎസ്‌സിഎൽ കരാർ കൊടുത്ത സ്‌പൈസ് ഹെൽത്തിന് എതിരെയാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്. പരിശോധനാ ഫലം കിട്ടുമെന്ന് അറിയിച്ച് നൽകുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ പ്രതികരണമില്ലെന്നും പരാതിയുണ്ട്. കാസർഗോട്ടെ കോവിഡ് പരിശോധനാ നിരക്ക് താരതമ്യേന കുറയാൻ കാരണം സ്വകാര്യ ഏജൻസിയുടെ അനാസ്‌ഥയാണെന്നാണ് വിലയിരുത്തൽ.
Also Read: കൂട്ടപരിശോധന തുടരും; നിയന്ത്രണങ്ങൾ ഇന്ന് മുതൽ; കർശനമാക്കി കേരളം








































