ചെന്നൈ: മനുസ്മൃതി നിരോധിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത എംപിക്കെതിരെ കേസെടുത്ത് പൊലീസ്. തമിഴ്നാട് ചിദംബരം എംപിയും വിടുതലൈ ചിരുത്തൈഗള്‍ കക്ഷി നേതാവുമായ തോല് തിരുമാളവന് എതിരെയാണ് പോലീസ് കേസ് എടുത്തത്.
സ്ത്രീകളെയും താഴ്ന്ന ജാതിക്കാരെയും അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും അവര്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുകയും ചെയ്യുന്നതാണ് മതഗ്രന്ഥമായ മനുസ്മൃതിയുടെ ഉള്ളടക്കമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതിനാല്‍ മനുസ്മൃതി നിരോധിക്കണമെന്നും തിരുമാളവന് പറഞ്ഞിരുന്നു.
‘സ്ത്രീകള്‍ അഭിസാരികകളാണെന്നാണ് മനുസ്മൃതി പറയുന്നത്. പ്രത്യേക ജാതിയില്‍പ്പെട്ടവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നും അത് പറയുന്നു. ആ കാരണം കൊണ്ടാണ് അംബേദ്കർ അത് കത്തിച്ചത്. ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ മനുസ്മൃതിക്ക് അനുസരിച്ച് ഭരണഘടനയെ മാറ്റാനാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനക്ക് ചേരുന്ന രീതിയിലാണോ ഭരണം നടക്കുന്നത് എന്ന ചോദ്യം ഇവിടെ ഉയരുന്നത് അതുകൊണ്ടാണ്’ തിരുമാളവന് പറഞ്ഞു.
എന്നാല്‍ ഇതിനെതിരെ പുതുതായി ബിജെപിയില്‍ എത്തിയ ഖുശ്ബു അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നിരുന്നു. എംപിയുടെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നത് ആണെന്ന് ഖുശ്ബു ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
തിരുമാളവനെ അനുകൂലിച്ച് ഡിഎംകെ നേതാവ് സ്റ്റാലിൻ രംഗത്ത് വന്നു. എംപിക്ക് എതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും മത ഭ്രാന്തന്മാരുടെയും ഹിന്ദുത്വ അനുകൂല സംഘടനകളുടെയും താല്പര്യങ്ങള് നടക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
Read Also: തമിഴ്നാടിനും, ബിഹാറിനും പിന്നാലെ സൗജന്യ വാക്സിൻ പ്രഖ്യാപിച്ച് പുതുച്ചേരിയും







































