കൊച്ചി: ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ വീട്ടമ്മയ്ക്ക് നഷ്ടമായത് 77,000 രൂപ. ദീപാവലിക്ക് സ്മാർട് ടിവിയ്ക്ക് ഓഫറുണ്ടോ എന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഗൂഗിളിൽ ഫ്ളിപ്കാർട്ടിന്റെ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞത്. കിട്ടിയതോ വ്യാജ നമ്പറും. ചതിയറിയാതെ നമ്പറിൽ ബന്ധപ്പെട്ട വീട്ടമ്മയോട് തട്ടിപ്പുകാർ ഓഫർ ഉണ്ടെന്ന് വാഗ്ദാനം ചെയ്യുകയും ഒരു ഫോം അയച്ച് കൊടുത്ത ശേഷം അത് ഫിൽ ചെയ്ത് അയക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഫ്ളിപ്കാർട്ടിന്റേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു ലിങ്കും ഒപ്പം ഒരു ഫോമും അയച്ചുനൽകിയിരുന്നു. ഇതിൽ പേരും അക്കൗണ്ട് നമ്പറും ബാങ്ക് യുപിഐ ഐഡി വരെ നൽകാൻ ആവശ്യപ്പെട്ടിരുന്നു. വീട്ടമ്മ വിവരങ്ങളെല്ലാം നൽകി ഫോം അയച്ചതിന് പിന്നാലെ ഫോണിലേക്ക് ഒരു എസ്എംഎസ് വന്നു. ആ സന്ദേശം തട്ടിപ്പുകാർ നിർദ്ദേശിച്ച മൊബൈൽ നമ്പറിലേക്ക് അയക്കാനും ആവശ്യപ്പെട്ടു. ഉടൻ തന്നെ മെസേജ് ഫോർവേഡ് ചെയ്തതോടെ വീട്ടമ്മയുടെ ഓൺലൈൻ നെറ്റ് ബാങ്കിങ്ങിന്റെ നിയന്ത്രണം തട്ടിപ്പുസംഘത്തിന്റെ കൈകളിലായി.
സംഘം മൂന്ന് തവണയായി 25000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ വാങ്ങുകയും 2000 രൂപ അക്കൗണ്ട് ട്രാൻസ്ഫർ നടത്തുകയും ചെയ്തു. പണം നഷ്ടപ്പെട്ടത് മനസിലായ വീട്ടമ്മ ഉടൻ തന്നെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് പരാതി നൽകുകയായിരുന്നു. തുടർന്ന് സൈബർ സ്റ്റേഷനിലെ പ്രത്യേക സംഘം അന്വേഷണം നടത്തി. തട്ടിപ്പ് സംഘം ഈ തുക ഉപയോഗിച്ച് ഓൺലൈൻ വ്യാപാര സൈറ്റുകളിൽ നിന്ന് 50000 രൂപയുടെ വൗച്ചർ വാങ്ങിയെന്നും 25000 രൂപയുടെ പർച്ചേസ് നടത്തിയെന്നും പോലീസ് കണ്ടെത്തി. തുടർന്ന് പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം സംഘം നടത്തിയ ബാങ്ക് ഇടപാട് ഫ്രീസ് ചെയ്യിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പണം അക്കൗണ്ടിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തു.
തട്ടിപ്പുകാർ ഉത്തരേന്ത്യൻ സ്വദേശികളാണ് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എംബി ലത്തീഫ്, സീനിയർ സിവിൽ പോലീസ് ഓഫിസർ പിഎം തൽഹത്ത്, സിപിഒമാരായ വികാസ് മണി, പിഎസ് ഐനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഇന്റർനെറ്റിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ് തട്ടിപ്പിൽ പെടരുതെന്നും ബാങ്കിങ് വിവരങ്ങൾ തിരയുമ്പോൾ ജാഗ്രത പാലിക്കണമെന്നും എസ്പി കാർത്തിക് നിർദ്ദേശിച്ചു.
Also Read: വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് നിർബന്ധിത അവധി; നടപടിയുമായി സർക്കാർ








































