മലപ്പുറം: പിതാവിന്റെ കൈയിലിരുന്ന പത്ത് മാസം പ്രായമായ കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം. മേലെ അരിപ്രയിൽ ഇന്നലെ രാവിലെയാണ് സംഭവം. വീടിന് മുന്നിൽ പിതാവ് കുഞ്ഞുമായി നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇവർക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ പിതാവിനും കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്.
വീടിന് മുന്നിൽ നിൽക്കുമ്പോൾ എതിർവശത്ത് നിന്നെത്തിയ തെരുവുനായ കുഞ്ഞിനെ ചാടി കടിക്കുകയായിരുന്നു. ഉടൻതന്നെ കുഞ്ഞിനെ മാറ്റിപിടിച്ചതോടെ പിതാവിന്റെ കൈയിൽ നായ കടിച്ചു. തട്ടിമാറ്റിയിട്ടും വിടാതെ ചീറിയടുത്ത നായ കുഞ്ഞിന്റെ തുടയിലും കടിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യയ്‌ക്ക് കുഞ്ഞിനെ കൈമാറിയിട്ടും നായയുടെ ആക്രമണം തുടർന്നു.
മൂന്ന് മിനിറ്റോളം നായയുമായി മൽപിടിത്തം നടത്തിയാണ് പിതാവ് കുഞ്ഞിനെ രക്ഷിച്ചത്. ഇവരെ ആക്രമിക്കുന്നത് തൊട്ട് മുൻപ് മേലെ അരിപ്രയിലെ ബസ് സ്‌റ്റോപ്പിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായിരുന്നു. ബസ് സ്‌റ്റോപ്പിൽ നിന്ന വിദ്യാർഥിയേയും തിരൂർക്കാട് സ്‌കൂൾപടിക്ക് സമീപം നിന്ന മറ്റൊരു വിദ്യാർഥിയെയും ഇതേ നായ ആക്രമിച്ചിരുന്നു. പരിക്കേറ്റ എല്ലാവരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസ തേടി. അതേസമയം, ആക്രമണം നടത്തിയ നായ പിന്നീട് ചത്തു.
Most Read: ആലത്തൂരിലെ വിദ്യാർഥികളുടെ തിരോധാനം; അന്വേഷണം ഊർജിതമാക്കി






































