ആലപ്പുഴ: കുട്ടനാട് തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹവും കാറും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. എടത്വ സ്വദേശി ജയിംസ് കുട്ടി (49) ആണ് മരിച്ചതെന്നാണ് സൂചന. എന്നാൽ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം.
തായങ്കരി ബോട്ട് ജെട്ടി റോഡിൽ പാർക്ക് ചെയ്‌ത നിലയിലായിരുന്നു കാർ. നാട്ടുകാരാണ് കാർ കത്തുന്ന വിവരം പോലീസ്, അഗ്‌നിശമ സേനകളെ അറിയിച്ചത്. തകഴിയിൽ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് കാറിനുളളിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ, ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
അതേസമയം, കാറിന് തീപിടിക്കാനുള്ള കാരണം വ്യക്‌തമല്ല. എടത്വ പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്‌ധർ പരിശോധന നടത്തിയ ശേഷമേ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.
Most Read: പിവി അൻവറിന്റെ മിച്ചഭൂമി കേസ്; നടപടി മൂന്ന് മാസത്തിനകം പൂർത്തിയാക്കും







































