ന്യൂഡെല്‍ഹി : രാജ്യത്ത് അടുത്ത വര്‍ഷത്തോടെ കോവിഡ് വാക്സിന് പ്രചാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന വേളയില്‍ തന്നെ വാക്സിന് ലഭിക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആളുകളുടെ വിവരശേഖരണത്തിനും തുടര്‍നടപടികള്‍ക്കും ആധാര്‍ ഉപയോഗിക്കുമെങ്കിലും മറ്റേതെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാലും മതിയാകും എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തതായാണ് ലഭിക്കുന്ന വിവരം.
രാജ്യത്ത് വാക്സിന് ആദ്യം ലഭിക്കുക മുന്‍ഗണന വിഭാഗത്തില്‍ പെടുന്ന ഏകദേശം 30 കോടി ജനങ്ങള്‍ക്കാണ്. ഇതിനായി മുന്‍ഗണന ലഭിക്കേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ക്ക് സൗജന്യമായി ആയിരിക്കും വാക്സിന് നല്‍കുക. മുന്‍ഗണന വിഭാഗത്തില്‍ പെടുന്ന 30 കോടി ആളുകളില്‍ 1 കോടി ആളുകള്‍ ആശാ വര്‍ക്കര്‍മാരും, എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരും ആയിരിക്കും. 2 കോടി വരുന്ന ആളുകള്‍ ശുചീകരണ തൊഴിലാളികളും, പോലീസുകാരും, സായുധ സേനാംഗങ്ങളും ആയിരിക്കും. കൂടാതെ 1 കോടിയോളം ആളുകള്‍ 50 വയസില്‍ താഴെ വരുന്ന പ്രമേഹ, ഹൃദ്രോഗ ബാധിതരും മറ്റും ആയിരിക്കും. ശേഷിക്കുന്ന 26 കോടിയോളം ആളുകള്‍ 50 വയസിന് മുകളില്‍ പ്രായമുള്ള കോവിഡ് വൈറസ് രൂക്ഷമായി ബാധിക്കുന്ന ആളുകളും ആയിരിക്കും.
മുന്‍ഗണന വിഭാഗത്തില്‍ പെടുന്ന ആളുകള്‍ക്ക് വാക്സിന് സൗജന്യമായി നല്‍കുമെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജ്യത്തെ എല്ലാവർക്കും വാക്സിന് സൗജന്യമായി നല്കാന് കഴിയുമോ എന്ന കാര്യത്തില്‍ നിലവില്‍ തീരുമാനം പറയാന്‍ സാധിക്കില്ലെന്നും വാക്സിന് ലഭ്യമായാല്‍ മാത്രമേ അത്തരം കാര്യങ്ങളില്‍ തീരുമാനം പറയാന്‍ സാധിക്കൂ എന്നും കേന്ദ്ര വിദഗ്ധ സമിതി അംഗവും നീതി ആയോഗ് അംഗവുമായ ഡോ. വികെ പോള്‍ പറഞ്ഞു. രാജ്യത്ത് നിലവില്‍ പരീക്ഷണം നടത്തുന്നത് ഐസിഎംആര്‍ ഭാരത്, കാഡില, ഓക്സ്ഫഡ് എന്നീ വാക്സിനുകളാണ്. ഇതിനൊപ്പം തന്നെ മറ്റ് രണ്ട് വാക്സിനുകള്‍ക്ക് കൂടി ഇന്ത്യയില്‍ പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.
Read also : മുഖ്യ വിവരാവകാശ കമ്മീഷണറായി യശ്വവര്ധന് കുമാര്‍ സിന്‍ഹ ചുമതലയേറ്റു







































