ആനക്കര: പഞ്ചായത്തിലെ 13ആം വാർഡിലൂടെ കടന്നുപോകുന്ന ആനക്കര ഹൈസ്‌കൂൾ- പോട്ടൂർ മലേഷ്യ ബിൽഡിങ് റോഡ് പൊട്ടിപ്പൊളിഞ്ഞു. വർഷങ്ങളായി ഈ പാതയുടെ അവസ്‌ഥ വളരെ മോശമാണ്. വേനൽമഴ ശക്‌തിപ്പെട്ടതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുവഴിയുള്ള യാത്രയും ബുദ്ധിമുട്ടിലായി.
ചെങ്കല്ലുനിറഞ്ഞ കുന്നിൻ പ്രദേശത്ത് കൂടി കടന്നുപോകുന്ന റോഡാണിത്. റോഡിലെ ടാറിങ് അടർന്നുപോയി പലഭാഗങ്ങളിലും ചെങ്കല്ലുമാത്രമാണ് അവശേഷിക്കുന്നത്. ഇതുമൂലം റോഡിലൂടെ പ്രായമായവരെയും രോഗികളെയും വാഹനത്തിൽ കൊണ്ടുപോകാൻ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നു.
ഈ റോഡിന്റെ ഉപരിതലം നന്നാക്കിയിട്ട് 10 വർഷത്തിലേറെയായെന്ന് നാട്ടുകാർ പറയുന്നു. ആനക്കര ഹൈസ്‌കൂളിന് സമീപത്ത് നിന്നാരംഭിച്ച് പോട്ടൂർ മലേഷ്യ ബിൽഡിങ്ങിന് സമീപം ചെന്നുചേരുന്ന റോഡാണിത്. ഇരുവശവും വെളളം ഒഴുകിപ്പോകുന്നതിന് അഴുക്കുചാൽ ഇല്ലാത്തതാണ് മഴക്കാലത്ത് റോഡിലൂടെ വെളളം പരന്നൊഴുകി റോഡിന്റെ തകർച്ചക്ക് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. അധികൃതർ റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Also Read: കോവിഡ് പ്രതിരോധ ഉൽപന്നങ്ങള്‍ക്ക് അമിത വില ഈടാക്കൽ; പരിശോധന വര്‍ധിപ്പിച്ചു








































