ഡൊമിൻ ഡിസിൽവയുടെ സംവിധാനത്തിൽ എബ്രഹാം മാത്യു നിർമിക്കുന്ന ജോജു ജോർജും ഷീലു എബ്രഹാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി ത്രില്ലർ ‘സ്റ്റാർ’ ഏപ്രിൽ ഒൻപതിന് പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ എത്തുന്നു. ചിത്രത്തിൽ പൃഥ്വിരാജും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘സ്റ്റാർ’ അബാം മൂവീസിന്റെ ബാനറിലാണ് എബ്രഹാം മാത്യു നിർമിക്കുന്നത്. വീപ്പിങ്ങ് ബോയ്, ഷി ടാക്സി, കനൽ, സോളോ തുടങ്ങി നിരവധി മലയാള ചിത്രങ്ങൾ നിർമിച്ച അബാം മൂവീസിന്റെ ചിത്രങ്ങളിലെ ഏറ്റവും മികച്ച വിജയ ചിത്രമായിരിക്കും ‘സ്റ്റാർ’ എന്നാണ് വിലയിരുത്തൽ.
വ്യത്യസ്ഥ മത സമൂഹത്തിൽ നിന്നും വിവാഹിതരായവരാണ് ബിസിനസ് പ്രമുഖനായ റോയിയും അധ്യാപികയായ ആർദ്രയും ഉൾപ്പെടുന്ന സമ്പന്ന കുടുംബം. ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില പ്രശ്നങ്ങളിൽ നിന്നുണ്ടാകുന്ന പുതിയ വഴിത്തിരിവുകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഒരു നിർണായക ഘട്ടത്തിൽ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഡോക്ടർ എറിക് എന്ന കഥാപാത്രം ചിത്രത്തിന്റെ കഥാഗതിയിൽ പുതിയ വഴിത്തിരിവിനും കാരണമാകുന്നു. പൃഥ്വിരാജാണ് ഡോക്ടർ എറിക്കിനെ അവതരിപ്പിക്കുന്നത്.
സംവിധായകൻ ഡൊമിൻ ഡിസിൽവ പറയുന്നു; സയൻസും മിത്തും കൂടിച്ചേർന്ന സൈക്കോളിജിക്കൽ മിസ്റ്ററി രീതിയിലാണ് ഈ ചിത്രത്തിന്റെ അവതരണം. തികഞ്ഞ ഫാമിലി ത്രില്ലറായിരിക്കും ഈ ചിത്രം. പരിമിതമായ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലുള്ളത്. എന്നാൽ അഭിനയിക്കുന്നവർക്ക് ഏറെ പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങളാണ് താനും. ജോജുവും ഷീലു എബ്രഹാമും മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവച്ച ചിത്രമാണിത്. കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ജോജു ‘റോയ്’ എന്ന ഭർത്താവായും ഷീലു ‘ആർദ്ര’ എന്ന ഭാര്യയായും അവിസ്മരണീയമായ പ്രകടനമാണ് നടത്തിയിട്ടുള്ളത്. ചിത്രത്തിന്റെ അവസാന മിനുക്കു പണികൾ (പോസ്റ്റ് പ്രൊഡക്ഷന്‍) പൂർത്തിയായി വരുന്നു.

കൊറോണ വൈറസിന്റെ പിടിയിൽ സ്തംഭിച്ചുപോയ ചലച്ചിത്ര നിർമാണം വീണ്ടും പുനരാരംഭിച്ച സമയങ്ങളിലെ ആദ്യ ചിത്രങ്ങളിൽ പെട്ടതാണ് സ്റ്റാറും. ഭയത്തോടെയും, ഏറെ കർശനമായ നിയമങ്ങൾക്കുള്ളിൽ നിന്നുമാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതെന്ന് സംവിധായകൻ പറഞ്ഞു.
ഡൊമിൻ ഡിസിൽവയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ‘പൈപ്പിന് ചുവട്ടിലെ പ്രണയം‘. ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രം ഒരു തുരുത്തിലെ കുടിവെള്ള പ്രശ്നത്തിന്റെ പശ്ചാതലത്തിൽ പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയത്തിലൂടെ ഒരു തുരുത്തിന്റെ ഉൾത്തുടിപ്പുകളെ പച്ചയായ മുഹുർത്തങ്ങളിലൂടെ അവതരിപ്പിച്ച ഡൊമിൻ ഡിസിൽവയുടെ രണ്ടാമത്തെ ചിത്രമാണ് ‘സ്റ്റാർ’.

പൊറിഞ്ചു മറിയം ജോസ് എന്ന മാസ് ചിത്രത്തിലൂടെ താരനിരയിലേക്ക് ഉയർന്ന ജോജുവിന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതാണ്. വൺ എന്ന ചിത്രത്തിലെ പാർട്ടി അധ്യക്ഷനും നായാട്ടിലെ പൊലീസ് കോൺസ്റ്റബിളും സ്റ്റാറിലെ റോയ് എന്ന കഥാപാത്രവും ജോജുവിന്റെ കരിയറിനെ മാറ്റിമറിക്കും എന്നാണ് പ്രതീക്ഷ.
സാനിയ ബാബു, ശ്രീലക്ഷ്മി, തന്മയ് മിഥുന്, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്, രാജേഷ് പുനലൂര്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ സുവിന് എസ് സോമശേഖരനാണ് രചന നിർവഹിക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്ജിൻ രാജും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, തരുണ്‍ ഭാസ്കരന് ഛായാഗ്രഹകന്, ചിത്രസംയോജനം ലാല്‍ കൃഷ്ണൻ. വില്യം ഫ്രാന്‍സിസാണ് പശ്ചാതല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും റോഷൻ എൻജി മേക്കപ്പും നിർവഹിക്കുന്നു.
പ്രൊഡക്ഷന്‍ കൺട്രോളറായി റിച്ചാര്‍ഡ് വരുമ്പോൾ അമീര്‍ കൊച്ചിന് ഫിനാന്‍സ് കൺട്രോളറായും ചിത്രത്തിൽ പ്രവർത്തിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ആയി കെജെ വിനയനും സുഹൈൽ എം എന്നിവരും സ്റ്റാറിൽ പ്രവർത്തിക്കുന്നു. പിആർഒ വാഴൂർ ജോസ്, പി ശിവപ്രസാദ്, ഫോട്ടോ അനീഷ് അർജുൻ എന്നിവരും കൈകാര്യം ചെയ്യുന്നു.
Most Read: എക്സിറ്റ് പോളുകൾക്ക് നിരോധനം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ