റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനകാര്യത്തിൽ നിർണായക വിധി. പൊതുഅവകാശ നിയമപ്രകാരം 20 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവിൽ ശിക്ഷ അനുഭവിച്ച കാലാവധി കഴിഞ്ഞ് റഹീമിന് പുറത്തിറങ്ങാനാകും.
ഇത് ഏകദേശം ഒരുവർഷമുണ്ടാകും എന്നാണ് കണക്കാക്കുന്നത്. വധശിക്ഷ വിധിച്ചിരുന്ന കേസിൽ ദയാധനം നൽകി സ്വകാര്യ അവകാശപ്രകാരം കുടുംബം മാപ്പ് നൽകിയിരുന്നതിന്റെ അടിസ്‌ഥാനത്തിൽ കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു. അതേസമയം, വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ ഉൾപ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായസമിതി അറിയിച്ചു.
2006 ഡിസംബർ 26ന് സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ കൈയബദ്ധം മൂലം മരിച്ച സംഭവത്തിലാണ് കോടതി റഹീമിന് വധശിക്ഷ വിധിച്ചത്. വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സമ്മതമാണെന്ന് കുട്ടിയുടെ കുടുംബം അറിയിച്ചതോടെയാണ് പണസമാഹരണം നടത്തി തുക കൈമാറിയത്.
Most Read| സിപിഎമ്മും നേതാക്കളും പ്രതികൾ; കരുവന്നൂർ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു