കോട്ടയം: സിസ്റ്റർ അഭയാ കൊലക്കേസിൽ ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും എതിരായ ആരോപണങ്ങൾ അവിശ്വസനീയമെന്ന് ക്നാനായ കത്തോലിക്കാ സഭ. കോടതി വിധിയെ മാനിക്കുന്നു. എന്നാൽ, വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്. ഇത്തരമൊരു സാഹചര്യം ഉണ്ടായതിൽ ഖേദിക്കുന്നെന്നും കോട്ടയം അതിരൂപത വാർത്താ കുറിപ്പിൽ പറഞ്ഞു.
Also Read: ഇത് ദൈവശിക്ഷ; അഭയ കേസിലെ വിധി സ്വാഗതം ചെയ്ത് മുൻ ഡിവൈഎസ്പി
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം ശിക്ഷയാണ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതി വിധിച്ചത്. ജഡ്ജി കെ സനല്‍കുമാറാണ് വിധി പറഞ്ഞത്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ജീവപര്യന്തം തടവിനൊപ്പം അഞ്ചു ലക്ഷം രൂപ പിഴയും ഇരുവർക്കും കോടതി വിധിച്ചിട്ടുണ്ട്. മഠത്തിലേക്ക് അതിക്രമിച്ചു കടന്നതിന് ഒരു ലക്ഷം രൂപയുടെ അധികപിഴ കൂടി ഫാദര്‍ തോമസ് കോട്ടൂരിന് സിബിഐ കോടതി വിധിച്ചിട്ടുണ്ട്.









































