പൊന്നാനി: ഭിന്നശേഷിക്കാർക്ക് പുതുശേഷി പകരാൻ സംസ്‌ഥാനത്താകെ ഖാദി വിൽപ്പനശാലകൾ ഒരുങ്ങുന്നു. ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ‘ഏബിൾ പോയിന്റ്’ എന്ന പേരിലാണ് എല്ലാ ജില്ലയിലും വിൽപ്പന ശാലകൾ തുറക്കുന്നത്.
ഖാദി ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രമായി ഓരോ ഏബിൾ പോയിന്റും പ്രവർത്തിക്കും. ഖാദി ബോർഡിന്റെ പിന്തുണയുള്ള മൈക്രോ യൂണിറ്റുകൾക്ക് പ്രോൽസാഹനം നൽകുന്നതിനൊപ്പം, അവയുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനുള്ള കേന്ദ്രങ്ങളായും ഈ വിൽപ്പന ശാലകൾ മാറും.
ഭിന്നശേഷിക്കാർക്ക് പുറമെ മാനസിക വെല്ലുവിളി നേരിടുന്നവർ, ഈ രോഗം ഭേദമായവർ, ബൗദ്ധിക വെല്ലുവിളി നേരിടുന്ന വ്യക്‌തികളുടെ രക്ഷകർത്താക്കൾ എന്നിവർക്കും പദ്ധതിയിലൂടെ തൊഴിൽ നൽകും.
ജനസാന്ദ്രതയുള്ള സ്‌ഥലങ്ങൾ, ജില്ലാ ഭരണകൂട കേന്ദ്രങ്ങൾ, തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ, ജില്ല, താലൂക്ക് ആശുപത്രി പരിസരങ്ങൾ എന്നിവിടങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന സ്‌ഥലം ഏബിൾ പോയിന്റ് വിൽപ്പന ശാലക്കായി ഉപയോഗിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രമുഖ ആരാധനാലയ പരിസരങ്ങളിലും യൂണിറ്റുകൾ തുടങ്ങും.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!