അബുദാബി: ചെറുകിട, ഇടത്തരം സംരംഭകരുടെ (എസ്എംഇ) ഉന്നമനത്തിനായി 600 കോടി ദിർഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ച് അബുദാബി ധനകാര്യ വകുപ്പ്. കോവിഡ് പ്രതിസന്ധിയിൽ നഷ്‌ടം സംഭവിച്ച് പ്രയാസപ്പെടുന്ന മലയാളികൾ അടക്കമുള്ള ഒട്ടേറെ ചെറുകിട, ഇടത്തരം സംരംഭകർക്ക് ആശ്വാസമാകുന്നതാണ് ഈ പ്രഖ്യാപനം.
ദേശീയ ആരോഗ്യ ഇൻഷുറൻസ് കമ്പനി (ദമാൻ), ഫസ്‌റ്റ് അബുദാബി ബാങ്ക് (ഫാബ്) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അബുദാബി സർക്കാർ നേരത്തേ പ്രഖ്യാപിച്ച ഉത്തേജക പദ്ധതിയായ ഗദാൻ 21ന്റെ ഭാഗമായി ചെറുകിട ഇടത്തരം കമ്പനികൾക്ക് ക്രെഡിറ്റ് ഗ്യാരന്റിയും ഉറപ്പുവരുത്തുന്നു. ആരോഗ്യ മേഖലയിലെ ചെറുകിട, ഇടത്തരം കമ്പനികൾക്കായിരിക്കും പ്രഥമ പരിഗണന നൽകുക.
പിന്നീട് എല്ലാ എസ്എംഇ കമ്പനികൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഇടപാടുകാരിൽനിന്ന് കിട്ടാനുള്ള പണം വൈകുകയാണെങ്കിൽ ആ തുക ഫസ്‌റ്റ് അബുദാബി ബാങ്ക് മുൻകൂട്ടി നൽകും. ഇതിലൂടെ പണ ലഭ്യതയും സ്‌ഥാപനത്തിന്റെ പ്രവർത്തനവും തടസമില്ലാതെ നടത്താൻ സാധിക്കും.
ഏതെങ്കിലും കാരണവശാൽ ഇടപാടുകാരൻ കമ്പനി പൂട്ടുകയോ കടന്നുകളയുകയോ മറ്റോ ചെയ്‌താലും ക്രെഡിറ്റ് ഗ്യാരന്റിയിലൂടെ ദമാൻ ഇൻഷൂറൻസിൽ നിന്ന് ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കും. പദ്ധതിയിൽ വൈകാതെ മറ്റു ബാങ്കുകളെയും ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
Technology News: ഹൈക്ക് മെസേജിങ് ആപ്പ് പൂട്ടുന്നു; പ്ളേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്‌തു



































