ലണ്ടൻ: അഫ്‌ഗാനിസ്‌ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തെന്ന യാഥാർഥ്യം അംഗീകരിക്കുന്നതായി ബ്രിട്ടൻ. താലിബാനെതിരെ പോരാടാന്‍ ബ്രിട്ടനും നാറ്റോ സൈന്യവും അഫ്‌ഗാനിലേക്ക് പോകില്ലെന്നും ബ്രിട്ടന്‍ പ്രതിരോധ സെക്രട്ടറി ബെന്‍ വെല്ലാസ് വ്യക്‌തമാക്കി.
കാബൂള്‍ വിമാനത്താവളത്തിലെ സൈനിക സംവിധാനം സുരക്ഷിതമാണെന്നു പറഞ്ഞ വെല്ലാസ് ബ്രിട്ടീഷ് പൗരൻമാരെ തിരിച്ചെത്തിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും അറിയിച്ചു. പ്രതിദിനം 1000 മുതല്‍ 1200 പേരെ ബ്രിട്ടനിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് എംബസി കാബൂള്‍ നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, അഫ്‌ഗാനിലെ താലിബാന്‍ ഭരണം അംഗീകരിക്കില്ലെന്ന് ബ്രിട്ടന്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
അതിനിടെ, അഫ്‌ഗാനിസ്‌ഥാനിലെ ജനാധിപത്യ സർക്കാരിനെ കീഴ്‌പ്പെടുത്തി അധികാരം പിടിച്ചെടുത്ത താലിബാന് പിന്തുണ പ്രഖ്യാപിച്ച് ചൈന രംഗത്തുവന്നു. താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന അറിയിച്ചു. ഇതോടെ താലിബാൻ ഭരണത്തെ അംഗീകരിക്കുന്ന ആദ്യ ലോക രാജ്യമായി ചൈന മാറി.
താലിബാൻ ഭരണത്തിൽ ഭീതിയുണ്ടെന്നും ലോക രാജ്യങ്ങൾ സഹായിക്കണമെന്നും ആവശ്യപ്പെട്ട് അഫ്ഗാനികൾ രംഗത്തു വന്നതിന് പിന്നാലെയാണ് ചൈനയുടെ നീക്കമെന്നത് നിർണായകമാണ്. ചൈനയുടെ താലിബാൻ പിന്തുണ വലിയ ഗൗരവത്തോടെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കാണുന്നത്.
Most Read: വാക്‌സിൻ പാഴാക്കിയില്ല, മരണനിരക്ക് കുറച്ചു; കേരളത്തെ പ്രശംസിച്ച് കേന്ദ്രം