ന്യൂഡെൽഹി: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവത്തിൽ നടനും ടിവികെ നേതാവുമായി വിജയ്‌യെ ചോദ്യം ചെയ്‌ത് സിബിഐ. ആറുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് അന്വേഷണ ഏജൻസി വിജയ്‌യുടെ മൊഴി രേഖപ്പെടുത്തിയത്.
നാളെയും അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജയ്‌ക്ക് സിബിഐ നോട്ടീസ് നൽകി. എന്നാൽ, വിജയ് ഹാജരാകില്ലെന്നാണ് വിവരം. കരൂരിലുണ്ടായ അപകടത്തെ കുറിച്ചും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സംഭവിച്ച വീഴ്‌ചയെ കുറിച്ചുമാണ് ഇന്ന് പ്രധാനമായും സിബിഐ ചോദിച്ചത്.
അതേസമയം, റാലിയിൽ പങ്കെടുക്കാൻ വിജയ് എത്താൻ വൈകിയതിന്റെ കാരണങ്ങളും സിബിഐ ആരാഞ്ഞതായാണ് വിവരം. റാലി നടന്ന സ്‌ഥലത്ത് ഏഴുമണിക്കൂർ വൈകിയാണ് വിജയ് എത്തിയിരുന്നത്. ഈസമയം ആൾക്കൂട്ടം നിയന്ത്രണാതീതമായി കൂടാനും ആളുകൾ ക്ഷീണിക്കുന്നതിനും കാരണമായി.
എന്നാൽ, ജില്ലാ ഭരണകൂടത്തിന്റെ തെറ്റായ നടപടികളാണ് അപകടത്തിന് കാരണമെന്ന് വിജയ് മൊഴി നൽകിയെന്നാണ് ലഭിക്കുന്ന സൂചന. ഡെൽഹിയിലെ സിബിഐ ആസ്‌ഥാനത്ത് ചോദ്യം ചെയ്യലിന് ഇന്ന് രാവിലെയാണ് വിജയ് ഹാജരായത്. ഇതിനായി രാവിലെ ഏഴിനാണ് സ്വകാര്യ വിമാനത്തിൽ ചെന്നൈയിൽ നിന്ന് വിജയ് പുറപ്പെട്ടത്. ടിവികെ നേതാവ് ആദവ് അർജുനയും വിജയ്‌ക്കൊപ്പം ഡെൽഹിയിൽ എത്തിയിട്ടുണ്ട്.
സെപ്‌തംബർ 27നാണ് ടിവികെ അധ്യക്ഷനായ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 9 കുട്ടികളടക്കം 41 പേർ മരിച്ചത്. 146 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Most Read| തളരാത്ത ചുവടുകൾ; 72ആം വയസിലും മാരത്തണിൽ പങ്കെടുത്ത് സാവിത്രി







































