ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യു/എ സർട്ടിഫിക്കറ്റോടുകൂടി പ്രദർശനാനുമതി നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു.
ചീഫ് ജസ്‌റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്‌തവാ, ജസ്‌റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. സെൻസർ ബോർഡിന് (CBFC) മറുപടി നൽകാൻ മതിയായ അവസരം നൽകിയശേഷം സിംഗിൾ ബെഞ്ച് പുതിയ തീരുമാനം എടുക്കുമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറയുന്നു.
ഹരജിയിൽ ഭേദഗതി വരുത്താൻ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിനും കോടതി അനുമതി നൽകിയിട്ടുണ്ട്. സെൻസർ ബോർഡിന്റെ ഭാഗം കേൾക്കാതെ കേസിലെ വസ്‌തുതകളിലേക്ക് സിംഗിൾ ബെഞ്ച് കടക്കാൻ പാടില്ലായിരുന്നുവെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഇനിയും വൈകുമെന്നതിനാൽ ചിത്രത്തിന്റെ റിലീസ് വൈകും.
ഫെബ്രുവരി 16ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇനി സാധ്യതയില്ല. നടൻ വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ജനനായകന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതിനെ തുടർന്നാണ് നിയമക്കുരുക്കിലായത്. സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
തുടർന്ന് ജനുവരി ഒമ്പതിന് ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. എന്നാൽ, ഇതിനെതിരെ സെൻസർ ബോർഡ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും അതേ ദിവസം തന്നെ സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി സ്‌റ്റേ ചെയ്യുകയും ചെയ്‌തു.
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചത്. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ റിലീസ് മാറ്റിയതോടെ ഓൺലൈൻ ബുക്കിങ് നടത്തിയവർക്ക് പണം തിരികെ നൽകിയിരുന്നു.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം




































