കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നടിമാർ നടത്തിയ ആരോപണങ്ങൾ ചർച്ച ചെയ്യാൻ നാളെ ചേരാനിരുന്ന ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. അമ്മയുടെ പ്രസിഡണ്ട് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവെച്ചിരിക്കുന്നതെന്നാണ് വിവരം.
യോഗത്തിൽ നേരിട്ട് പങ്കെടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാർഥം യോഗം മാറ്റിയതെന്ന് സംഘടനയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. സിനിമാ പ്രവർത്തകർക്കെതിരെ ആരോപണങ്ങൾ ശക്‌തമാകുന്ന സാഹചര്യത്തിൽ യോഗം നിർണായകമാണ്. വെള്ളിയാഴ്‌ച സംഘടനാ ആസ്‌ഥാനത്ത് വാർത്താ സമ്മേളനം നടത്തി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്‌തമാക്കിയ സിദ്ദിഖിന് തന്നെ അരങ്ങൊഴിയേണ്ടി വന്നതാണ് സംഘടനക്ക് ക്ഷീണമായത്.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അൻസിബ ഹസൻ, ഉർവശി, ശ്വേതാ മേനോൻ തുടങ്ങിയവരെല്ലാം തുറന്ന വിമർശനവുമായി രംഗത്തുവന്നതോടെ അമ്മ മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടത്. ജനറൽ സെക്രട്ടറിയുടെ ചുമതല താൽക്കാലികമായി ജോയിന്റ് സെക്രട്ടറിയായ ബാബുരാജിന് നൽകി. സിദ്ദിഖിന് പകരക്കാരനെ കണ്ടെത്തുക എന്ന വെല്ലുവിളിയും സംഘടനക്ക് മുമ്പിലുണ്ട്.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ