കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെയും ഒപ്പമുള്ളവരുടേയും മൊബൈല്‍ ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനം പറയും. ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം എന്നത് സംബന്ധിച്ചും കോടതി നിര്‍ദ്ദേശം നല്‍കും.
ഇന്ന് ഉച്ചയ്ക്ക് 1.45നാണ് കോടതി ഉപഹരജി പരിഗണിക്കുക. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈല്‍ ഫോണുകളില്‍ ആറെണ്ണമാണ് ദീലീപ് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിക്ക് കൈമാറിയത്. ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോണ്‍ താന്‍ ഉപയോഗിക്കുന്നതല്ലെന്നാണ് ദീലീപിന്റെ നിലപാടെങ്കിലും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
തന്റെ വീട്ടിൽ നിന്നും കൊണ്ടുപോയ എല്ലാ ഗാഡ്ജറ്റുകളും പോലീസിന്റെ കൈവശമുണ്ടെന്നാണ് ദിലീപ് പറയുന്നത്. ഫോണുകളിൽ കൃത്രിമമായി എന്തെങ്കിലും തിരികി കേറ്റാനുള്ള സാധ്യതയുണ്ടെന്നും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഫോണുകൾ പോലീസിന് വിട്ടു നൽകിയാൽ അതിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻപ്പിള്ള വാദിക്കുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ഇപ്പോൾ വിട്ടുനൽകരുതെന്നും വ്യാഴാഴ്ച ജാമ്യഹരജിയിൽ തീരുമാനം വന്ന ശേഷമേ ഫോണുകൾ കൊടുക്കാവൂ എന്നുമാണ് ഇവരുടെ വാദം.
എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് ഫോണിലെ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയില്‍ അറിയിച്ചു.
അതേസമയം കേസിൽ തങ്ങളും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞിരുന്നു. നിലവിൽ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും ഒരു കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കട്ടേയെന്നും രാമൻപിള്ള പറഞ്ഞു. തന്റെ അമ്മ ഒഴികെ ഒപ്പമുള്ള എല്ലാവരേയും പ്രതികളാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും മാദ്ധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്നുമാണ് ദിലീപ് പറയുന്നത്. അന്വേഷണ ഏജൻസിയിൽ നേരത്തെ പലവട്ടം അവിശ്വാസം രേഖപ്പെടുത്തിയ ദിലീപ് ഇതാദ്യമായാണ് സിബിഐ അന്വേഷണത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്.
Most Read: ‘വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്ത് ഉണ്ടാകരുത്’; വിമർശിച്ച് മുഖ്യമന്ത്രി







































