ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നീണ്ടു പോകുന്നതിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. കേസിൽ വിചാരണ നടപടികൾ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ചോദിച്ചു. കേസിൽ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്റെ ലക്ഷ്യം എന്താണെന്നും കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
പുതുതായി 41 സാക്ഷികളെ കൂടി വിസ്തരിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് സംസ്ഥാനത്തോട് കോടതി ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദ്ദേശം നൽകി. അതേസമയം, ആറുമാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന് ഉത്തരവുള്ള കേസിൽ, 24 മാസമായിട്ട് വിചാരണ നീണ്ടുപോവുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.
വിസ്തരിച്ച പത്ത് പേരെ വീണ്ടും വിളിച്ചുവരുത്തി വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അഭിഭാഷകൻ വാദിച്ചു. സാക്ഷികളെ വിസ്തരിക്കുന്നതിലുള്ള എതിർപ്പ് നാളെ സമർപ്പിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വാദങ്ങൾ എഴുതി നൽകാൻ കോടതി നിർദ്ദേശം നൽകി. ഈ മാസം 17ന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.
Most Read: ഇന്ധന സെസ് വർധനവ്; പ്രതിഷേധം ശക്തം- യുഡിഎഫ് രാപ്പകൽ സമരം ഇന്ന്