കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കേ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് അതിജീവിത. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി എടുത്തില്ലെന്ന് ആരോപിച്ച് നീതി തേടിയാണ് നടിയുടെ കത്ത്.
കോടതിയുടെ കസ്‌റ്റഡിയിലിരിക്കെ മൂന്ന് തവണ ഈ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചുവെന്ന് ശാസ്‌ത്രീയ പരിശോധനയിൽ ഉൾപ്പടെ തെളിഞ്ഞിരുന്നു. ഈ കുറ്റകൃത്യം ചെയ്‌ത ആളുകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് അതിജീവിത കത്തിൽ പറയുന്നത്.
മെമ്മറി കാർഡ് പരിശോധിച്ച ആളുകളെ കണ്ടത്തേണ്ടതും നടപടിയെടുക്കേണ്ടതും കോടതികളാണ്. എന്നാൽ ഇവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജുഡീഷ്യറിയുടെ മേൽ ഭരണപരമായ ഒരു നടപടി വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഇപ്പോൾ രാഷ്‌ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.
ഈ മെമ്മറി കാർഡ് പുറത്തുപോയാൽ അത് തുടർന്നുള്ള തന്റെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ കാര്യക്ഷമമായ അന്വേഷണത്തിനും നടപടിക്കും രാഷ്‌ട്രപതിയുടെ ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇപ്പോൾ അന്തിമഘട്ടിലാണെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് രാഷ്‌ട്രപതിയുടെ ഇടപെടൽ തേടിയിരിക്കുന്നത്.
ഷൂട്ടിങ്ങിനു ശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നിൽ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ച് കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്‌തു എന്നാണ് കേസ്. 2017ലായിരുന്നു സംഭവം. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.
Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്