മുംബൈ: ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളം ഗൗതം അദാനിയുടെ ഉടമസ്‌ഥതയിലുള്ള അദാനി എയർപോർട് ഹോൾഡിങ്‌സ് ഏറ്റെടുത്തു. രാജ്യത്തെ ഏറ്റവും വലിയ വിമാനനിർമാണ നടത്തിപ്പ് കമ്പനിയായ ജിവികെ ഗ്രൂപ്പിൽ നിന്നാണ് അദാനി പോർട്ട് വിമാനത്താവളം ഏറ്റെടുത്തത്.
മുംബൈ അന്താരാഷ്‌ട്ര വിമാനത്താവള ബോർഡ് മീറ്റിങ്ങിന് ശേഷമായിരുന്നു ഏറ്റെടുക്കൽ. കേന്ദ്രസർക്കാർ, മഹാരാഷ്‌ട്ര സർക്കാർ, മഹാരാഷ്‌ട്ര സിറ്റി ആൻഡ് ഇൻഡസ്‌ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ എന്നിവയുടെ അനുമതികൾ ലഭിച്ചതിന് ശേഷമായിരുന്നു മിയാൽ അദാനി പോർട്ട് ഏറ്റെടുക്കുന്നത്. മിയാൽ കൂടി ഏറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാന നടത്തിപ്പുകാരാകും അദാനി എയർപോർട് ഹോൾഡിങ്‌സ്.
ഡെൽഹി വിമാനത്താവളം കൂടാതെ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളം. മുൻ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 12 ശതമാനം വർധനയാണ് ലക്ഷ്യമിടുന്നതെന്ന് വിമാനത്താവള അധികൃതർ പ്രസ്‌താവനയിൽ അറിയിച്ചു.
മുംബൈ വിമാനത്താവളം കൂടാതെ ജയ്‌പൂർ, അഹമ്മദാബാദ്, ഗുവാഹത്തി, ലക്‌നൗ, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പ് നേടിയിരുന്നു. 50 വർഷത്തേക്കാണ് നടത്തിപ്പ് ചുമതല. 74 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് കൈക്കലാക്കിയിരിക്കുന്നത്. 50.5 ശതമാനം ഓഹരികൾ ജിവികെ ഗ്രൂപ്പിൽ നിന്നും 23.5 ശതമാനം ഓഹരികൾ വിദേശകമ്പനികളായ എയർപോർട്സ് കമ്പനി സൗത്ത് ആഫ്രിക്ക, ബിഡ്‌വെസ്‌റ്റ് ഗ്രൂപ്പ് എന്നിവയിൽ നിന്നുമാണ് വാങ്ങിയത്.
Also Read: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിസാരമായി കാണരുത്; ആരോഗ്യ മന്ത്രാലയം