തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെയുള്ള ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്‌തത്.
ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം തുടങ്ങി പിവി അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണ ശുപാർശ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തീരുമാനമെടുത്തേക്കും എന്നാണ് സൂചന. ഡിജിപി സർക്കാരിന് സമർപ്പിച്ച ശുപാർശ വിജിലൻസിന് കൈമാറും.
അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്‌ത നേരിട്ടാകും കേസന്വേഷിക്കുക എന്നാണ് വിവരം. അതേസമയം, മറ്റ് ആരോപണങ്ങളിൽ അജിത് കുമാറിന്റെ മൊഴി ഡിജിപി നേരിട്ട് രേഖപ്പെടുത്തും. സ്വർണക്കടത്ത് കേസ്, റിദാൻ വധം, തൃശൂർ പൂരം അലങ്കോലമാക്കൽ തുടങ്ങിയവയാകും ഇതിൽ ഉൾപ്പെടുക.
അതേസമയം, അജിത് കുമാറിനെതിരായ പരാതികൾ ആഭ്യന്തരവകുപ്പ് പരിശോധിക്കുകയാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാൽ കടുത്തശിക്ഷ ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിൽ എന്താണ് ചർച്ച നടത്തിയതെന്നാണ് പ്രധാനമന്ത്രി പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അജിത് കുമാറിന്റെ കാര്യത്തിൽ സർക്കാർ ഉചിതമായ നിലപാട് എടുത്തതായാണ് മുന്നണിയുടെ വിശ്വാസം. ആർഎസ്എസുമായി ബന്ധമുണ്ടാക്കുന്ന നിലപാട് എടുക്കുന്നവരല്ല എൽഡിഎഫ്. അത്തരത്തിലുള്ള ഒരു നീക്കവും സിപിഎമ്മിന്റെയോ ഇടതു പാർട്ടികളുടെയോ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. ആർഎസ്എസിന്റെ ആക്രമണങ്ങളെ നേരിടുന്നവരാണ് ഇടതു പാർട്ടികൾ. ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ ശിക്ഷിക്കാനാവില്ലെന്നും ടിപി രാമകൃഷ്‌ണൻ പറഞ്ഞിരുന്നു.
Most Read| 100 സീറ്റുകൾ വേണമെന്ന് ഷിൻഡെ വിഭാഗം; സീറ്റ് വിഭജനം എൻഡിഎക്ക് തലവേദന







































