തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ അവധി അപേക്ഷ പിൻവലിച്ചത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഇന്ന് എൽഡിഎഫ് യോഗം നടക്കാനിരിക്കെയാണ് അവധി അപേക്ഷ പിൻവലിക്കാൻ അജിത് കുമാർ കത്ത് നൽകിയെന്നതും ശ്രദ്ധേയമാണ്. സർക്കാരിലെ ഉന്നതരുടെ പിന്തുണയില്ലാതെ അജിത് കുമാർ ഇത്തരമൊരു നീക്കം നടത്തില്ലെന്നാണ് ഘടകകഷികളും സിപിഎമ്മിലെ ചില നേതാക്കളുടെയും വിശ്വാസം.
ഇന്നലെ മലപ്പുറം എസ്‌പി എസ് ശശിധരൻ അടക്കം ആരോപണ വിധേയരായ പലർക്കും സ്‌ഥാനചലനങ്ങൾ ഉണ്ടായിട്ടും അജിത്തിന്റെ കസേര കുലുങ്ങിയിരുന്നില്ല. അതിന്റെ ചൂടാറും മുന്നേയാണ് അവധി പിൻവലിക്കാനുള്ള നീക്കം. അവധി കഴിഞ്ഞു തിരികെ പ്രവേശിക്കുമ്പോഴേക്കും അജിത് കുമാറിന് മറ്റൊരു സ്‌ഥാനം നൽകുമെന്നായിരുന്നു സിപിഎം നേതാക്കളും കരുതിയിരുന്നത്.
അതിനിടെ, ഉദ്യോഗസ്‌ഥരുടെ കൂട്ടസ്‌ഥലം മാറ്റം പിവി അൻവർ എംഎൽഎയും സർക്കാരും തമ്മിലുള്ള ഒത്തുതീർപ്പാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. അജിത് കുമാറിനെതിരെ സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വമടക്കം പരസ്യ പ്രതികരണം നടത്തിയിട്ടും മൗനം മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
സ്‌ഥലം മാറ്റപ്പെട്ടവരേക്കാൾ അൻവറിന്റെ പരാതിയിൽ ഗൗരവമുള്ള പ്രശ്‌നം ഉണ്ടായത് എഡിജിപിക്കും പി ശശിക്കുമെതിരായ പരാതിയിലായിരുന്നു. എന്നാൽ, മലപ്പുറം എസ്‌പി അടക്കമുള്ളവരെ കൂട്ടത്തോടെ സ്‌ഥലം മാറ്റി തൽക്കാലം അൻവറിനെ തണുപ്പിക്കുക എന്നതാണ് സർക്കാർ നീക്കത്തിന് പിന്നിലെന്നാണ് സൂചന.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്