തിരുവനന്തപുരം: അന്വേഷണം നേരിടുന്ന എഡിജിപി എംആർ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. എന്നാൽ, അന്വേഷണം നേരിടുന്നതിനാൽ മെഡൽ തൽക്കാലം നൽകേണ്ടെന്ന് ഡിജിപി തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഡിജിപി മുഖ്യമന്ത്രിക്ക് കത്തയച്ചു.
നാളെയാണ് മുഖ്യമന്ത്രിയുടെ മെഡൽ ദാന ചടങ്ങ്. മെഡൽ പ്രഖ്യാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്‌ഥന് മെഡൽ നൽകാറില്ല. എംആർ അജിത് കുമാറിനൊപ്പം ഹരിശങ്കർ ഐപിഎസിനാണ് മെഡൽ. അജിത് കുമാറിനെതിരെ പിവി അൻവർ എംഎൽഎ ആണ് ആരോപണം ഉന്നയിച്ചിരുന്നത്. ഇത് വലിയ വിവാദത്തിന് വഴിവെക്കുകയും ചെയ്‌തിരുന്നു.
പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച തുടങ്ങിയ ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയിരുന്നു. ഓഗസ്‌റ്റ് അവസാനം പത്തനംതിട്ട എസ്‌പിയായിരുന്ന എസ് സുജിത് ദാസുമായുള്ള ഫോൺ സംഭാഷണം പിവി അൻവർ പുറത്തുവിട്ടതോടെയാണ് എഡിജിപി എംആർ അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തുന്നത്.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ