ലണ്ടൻ: ആസ്ട്ര സനേകയുമായി ചേർന്ന് ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് 19ന് എതിരായ വാക്സിനിൽ വിശ്വാസ്യത സംബന്ധിച്ച് സംശയം ഉയരുന്നു. നിർമാണ പ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന വിവരം പുറത്തുവന്നതോടെയാണ് വാക്സിന്റെ പരീക്ഷണ ഫലം സംബന്ധിച്ച് സംശയമുയരുന്നത്. തങ്ങളുടെ വാക്സിൻ 90 ശതമാനം വരെ ഫലപ്രദമാണെന്നാണ് നേരത്തെ ആസ്ട്ര സനേക അവകാശപ്പെട്ടിരുന്നത്.
ഒരു മാസത്തിന്റെ ഇടവേളയിൽ ആദ്യം വാക്സിന്റെ പകുതി ഡോസും പിന്നീട് ബാക്കിയും നൽകിയുള്ള പരീക്ഷണം വിജയകരമായിരുന്നുവെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരുമാസം ഇടവിട്ട് രണ്ട് പൂർണ ഡോസുകൾ നൽകിയപ്പോൾ 62 ശതമാനമേ ഫലപ്രാപ്തി ഉണ്ടായിരുന്നുള്ളു. ഈ രണ്ട് പരീക്ഷണങ്ങളുടെയും ശരാശരി നോക്കുമ്പോൾ വാക്സിൻ 70 ശതമാനം ഫലപ്രദമാണെന്നും കമ്പനി അറിയിച്ചിരുന്നു.
എന്നാൽ രണ്ട് ഡോസുകളിൽ പരീക്ഷണം നടത്തിയത് സംശയത്തിന് കാരണമായിരുന്നു. പകുതി ഡോസ് മാത്രം നൽകിയത് വാക്സിൻ നിർമാണത്തിൽ ഉണ്ടായ പിഴവിനെ തുടർന്നാണെന്ന് അമേരിക്കയിലെ വാക്സിൻ പ്രോഗ്രാം ‘ഓപ്പറേഷൻ വാർപ് സ്പീഡ്’ പിന്നീട് വെളിപ്പെടുത്തി. കൂടാതെ വാക്സിൻ കൂടിയായ ശതമാനം ഫലപ്രാപ്തി കാണിക്കുന്നത് യുവാക്കളിലാണെന്നും പരീക്ഷണം വ്യക്തമാക്കിയതായി ഇവർ അറിയിച്ചിരുന്നു. പിന്നീട് ആസ്ട്ര സനേകയും വാക്സിൻ നിർമാണത്തിൽ പിഴയുണ്ടായതായി സമ്മതിച്ചു.
ഈ വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഓക്സ്ഫോർഡ് വാക്സിന്റെ വിശ്വാസ്യതയിൽ സംശയം ഉയരുന്നത്. പരീക്ഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉയർന്നുവരുന്നത് വിശ്വാസ്യത നശിപ്പിക്കാൻ കാരണമാകുമെന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ടു തന്നെ വിശദമായ വിലയിരുത്തലുകൾ ഓക്സ്ഫോർഡ് വാക്സിന്റെ കാര്യത്തിൽ ആവശ്യമാണെന്നും ഇവർ ചൂണ്ടികാട്ടുന്നു.
Read also: കോവിഷീല്‍ഡ് വാക്സിൻ ; പ്രധാനമന്ത്രി സിറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും