കൊച്ചി: യുവനടിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതി നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ അറസ്‍റ്റിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തടസമല്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു. വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്നും നാട്ടിലെത്തിയാലുടന്‍ അറസ്‌റ്റ് നടപടികളിലേക്ക് കടക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
നടിയുടെ പരാതിയില്‍ അന്വേഷണത്തിന് കാലതാമസമുണ്ടായിട്ടില്ലെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം വിജയ് ബാബുവിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും കമ്മീഷണര്‍ അറിയിച്ചു. പരാതികള്‍ ലഭിച്ചാല്‍ അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വുമന്‍എഗെയിന്‍സ്‌റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ മറ്റൊരു യുവതി വിജയ് ബാബുവിനെതിരെ രംഗത്തു വന്നിരുന്നു. തന്നെ വിജയ് ബാബു ബലമായി ചുംബിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ഭാഗമായ ജോലികള്‍ക്കിടെയാണ് തന്നോട് വിജയ് ബാബു മോശമായി പെരുമാറിയതെന്ന് യുവതി പറയുന്നു. ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ താൻ തടഞ്ഞെന്നും പിന്നീട് ഇയാൾ മാപ്പു പറയുകയും ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടതായും യുവതി ആരോപിച്ചു. എന്നാൽ ഇവർ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടില്ല.
Most Read: വെള്ളരിക്കാപട്ടണം സിനിമാ ടൈറ്റിൽ വിവാദം; ആദ്യ അവകാശി നിയമ പോരാട്ടവുമായി മുന്നോട്ട്








































