ന്യൂഡെൽഹി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം, ജാമ്യ വ്യവസ്‌ഥകളിൽ സുപ്രീം കോടതി മാറ്റം വരുത്തി. ഇതുപ്രകാരം വിജയ് ബാബുവിന് കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകാൻ കഴിയില്ല. കേസുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്‌റ്റിടുന്നതിനും വിലക്കുണ്ട്.
ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ മാത്രമേ ചോദ്യം ചെയ്യൽ പാടുള്ളൂ എന്ന ഹൈക്കോടതിയുടെ ജാമ്യ വ്യവസ്‌ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം ആവശ്യമെങ്കിൽ വിജയ് ബാബുവിനെ വീണ്ടും പോലീസിന് ചോദ്യം ചെയ്യാം. അതിജീവതയെ അധിക്ഷേപിക്കാൻ പാടില്ല, തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്‌ഥകളും വിജയ് ബാബുവിനുള്ള മുൻകൂർ ജാമ്യവ്യവസ്‌ഥയുടെ ഭാഗമാക്കി കൊണ്ടാണ് ജഡ്‌ജിമാരായ ഇന്ദിര ബാനർജി, ജെകെ മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ച് തീർപ്പാക്കിയത്.
വിഷയം അടിയന്തരമായി പരിഗണിക്കേണ്ടതുണ്ടെന്ന് ഇന്നലെ സംസ്‌ഥാന സർക്കാരിന് വേണ്ടി ഹാജരായ ജയ്‌ദീപ് ഗുപ്‌ത അവധിക്കാല ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ഇന്ന് കേസ് പരിഗണിച്ചത്. സംസ്‌ഥാന സർക്കാരിന് പുറമേ അതിജീവതയും മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നു. ഫേസ്‌ബുക്ക് ലൈവിൽ വന്ന് വിജയ് ബാബു തന്റെ പേര് വെളിപ്പെടുത്തിയെന്നും പരാതി പിൻവലിക്കാൻ വലിയ സമ്മർദ്ദം ഉണ്ടായെന്നുമാണ് അതിജീവത ചൂണ്ടിക്കാട്ടിയത്.
Most Read: ഭരണഘടനാ വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവെക്കില്ല