വെള്ളരിക്കാപട്ടണം സിനിമാ ടൈറ്റിൽ വിവാദം; ആദ്യ അവകാശി നിയമ പോരാട്ടവുമായി മുന്നോട്ട്

By Central Desk, Malabar News
Vellarikkapattanam Movie title issue
1985ൽ ഇറങ്ങിയ വെള്ളരിക്കാപ്പട്ടണം പോസ്‌റ്റ്
Ajwa Travels

കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന ‘വെള്ളരിക്കാപട്ടണം’ ടൈറ്റിൽ വിവാദം പുതിയ തലത്തിലേക്ക്. പരസ്‌പരം അറിയാതെ ഒരേ പേരിൽ രണ്ടു സംവിധായകർ പ്രഖ്യാപിച്ച സിനിമയാണ് ‘വെള്ളരിക്കാപട്ടണം’.

ഒരു ‘വെള്ളരിക്കാപട്ടണം’ മലയാളത്തിൽ പുതുമുഖമായ സംവിധായകൻ മനീഷ് കുറുപ്പ് തമിഴ്‌നാട്ടിലെ ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലാണ് 2018 ഒൻപതാം മാസത്തിൽ രജിസ്‌റ്റർ ചെയ്‌തിരുന്നത്‌. പുതിയ ബാനറിന് കീഴിൽ, പുതിയ സംവിധായകൻ, പുതുമുഖങ്ങളെ വെച്ച് ചെയ്യുന്ന ഈ സിനിമയുടെ കാര്യമായ പ്രമോഷനുകളോ മറ്റോ നടക്കാത്തത് കൊണ്ട് സിനിമാ വ്യവസായ മേഖലയുടെ ശ്രദ്ധയിൽ ഈ ചിത്രം എത്തിയിരുന്നില്ല.

അത് കൊണ്ടുതന്നെ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ‘വെള്ളരിക്കാപട്ടണം’ കേരളത്തിൽ സാധാരണ നടപ്പുള്ള നിബന്ധനകൾ അനുസരിച്ച്, 2019 നവംബര്‍ 5ന് കേരളാ ഫിലിം ചേംബറില്‍ രജിസ്‌റ്റർ ചെയ്‌തു. അതും ഇതേപേരില്‍ 1985ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനുമായ തോമസ് ബെര്‍ളിയുടെ അനുമതിപത്രം ഉള്‍പ്പെടെയാണ് പ്രമുഖ ബാനറായ ഫുള്‍ഓണ്‍ സ്‌റ്റുഡിയോസ് കേരളാ ഫിലിം ചേംബറിൽ നിന്ന് ‘വെള്ളരിക്കാപട്ടണം’ എന്ന സിനിമക്ക് അംഗീകാരം നേടിയത്.

മഞ്‍ജു വാര്യര്‍, സൗബിന്‍ ഷാഹിർ ഉൾപ്പടെയുള്ള വൻതാരനിര ഒന്നിക്കുന്ന, കേരള ഫിലിം ചേംബർ അംഗീകാരം നൽകിയ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ‘വെള്ളരിക്കാപട്ടണം’ ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്‌റ്റർ തുടങ്ങിയ സിനിമകൾ ചെയ്‌തിട്ടുള്ള പ്രമുഖ ബാനറാണ്.

Vellarikkapattanam Movie title issue
മനീഷ് കുറുപ്പിന്റെ ‘വെള്ളരിക്കാപ്പട്ടണം’ പോസ്‌റ്റ്

തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങൾ വഴിയും നേരിട്ടും രണ്ടുസംവിധായകരും തമ്മിൽ വാക്‌പോരുകളും വിവാദങ്ങളും നിരന്തരമായി. രണ്ടു സംവിധായകരും അവരവരുടെ വിശദീകരണങ്ങളും മറുപടികളും അവരവരുടെ ഭാഗം വിശദീകരിക്കാനായി പലപ്പോഴും സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ്, സിനിമകളുടെ പേരിടുന്നതിലോ നിശ്‌ചയിക്കുന്നതിലോ യാതൊരു ‘നിയമപരമായ’ പങ്കുമില്ലാത്ത മഞ്‍ജു വാര്യർക്കും സൗബിന്‍ ഷാഹിറിനും ഉൾപ്പടെ തമിഴ്‌നാട്ടിലെ ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിൽ ‘വെള്ളരിക്കാപ്പട്ടണം’ രജിസ്‌റ്റർ ചെയ്‌ത മനീഷ് കുറുപ്പ് വക്കീൽ നോട്ടീസ് അയച്ചതോടെ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്‌ത്‌ മഞ്‍ജു വാര്യര്‍, സൗബിന്‍ ഷാഹിർ അഭിനയിക്കുന്ന ‘വെള്ളരിക്കാപട്ടണം’ എന്ന സിനിമ അതിന്റെ ടൈറ്റിൽ ‘വെള്ളരിപട്ടണം’ എന്നാക്കി മാറ്റി. പക്ഷെ, ഒരക്ഷരം തിരുത്തിയുള്ള ഈ പേരുമാറ്റം മതിയാകില്ല എന്നതാണ് മനീഷ് കുറുപ്പ് എന്ന സംവിധായകന്റെ പക്ഷം.

Vellarikkapattanam Movie title issue
മഹേഷ് വെട്ടിയാറിന്റെ ‘വെള്ളരിക്കാ പട്ടണം’ പോസ്‌റ്റ്

മനീഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന ആദ്യ ‘വെള്ളരിക്കാപ്പട്ടണം’ സെൻസർ ചെയ്‌ത്‌ പൂർത്തീകരിച്ച സിനിമയാണ്. അത് കൊണ്ടുതന്നെ റിലീസിനുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ച ആദ്യ ‘വെള്ളരിക്കാപ്പട്ടണം’ നിയമപരമായ നടപടികളുമായി മുന്നോട്ടുതന്നെയാണ് പോകുന്നത്. അതിനുള്ള കാരണമായി സംവിധായകൻ മനീഷ് കുറുപ്പ് പറയുന്നത്, പേരിലെ ഒരക്ഷരം മാറിയത് കൊണ്ട് പ്രേക്ഷകരുടെ കൺഫ്യൂഷൻ മാറില്ല എന്നതും തന്റെ സിനിമയുടെ ബിസിനസിനെ ഇത് ബാധിച്ചു എന്നുമാണ്.

നിർമാതാവ് എല്‍ദോ പുഴുക്കലില്‍ ഏലിയാസ്, സംവിധായകന്‍ മഹേഷ് വെട്ടിയാര്‍, മഞ്‍ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവർക്ക് സംവിധായകന്‍ മനീഷ് കുറുപ്പ് അയച്ച വക്കീൽ നോട്ടീസിൽ സെൻസർ ലഭിച്ച തന്റെ സിനിമയുടെ ടൈറ്റിൽ ഉപയോഗിച്ചതുമൂലം വിൽപനയും റിലീസിങ്ങും നടക്കാതെയാവുകയും സാമ്പത്തിക നഷ്‍ടം സംഭവിക്കുകയും ചെയ്‌തത്‌ കൊണ്ട് ടൈറ്റിൽ മൂന്ന് ദിവസത്തിനകം മാറ്റണമെന്നും അഞ്ച് കോടി രൂപ നഷ്‍ടപരിഹാരം നൽകുകയും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Vellarikkapattanam Movie title issue _ Director Maneesh kurup
മനീഷ് കുറുപ്പ് (Image Courtesy: Facebook)

നിയമപോരാട്ടങ്ങളുടെ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കുന്ന ‘വെള്ളരിക്കാപ്പട്ടണവും’ ‘വെള്ളരിപട്ടണവും’ സിനിമാ സംഘടനകളുടെ ‘ടൈറ്റിൽ അനുവദിക്കുന്ന’ പ്രവർത്തന രീതിയിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവന്നേക്കാൻ സാധ്യതയുള്ള കേസായി മാറുമെന്നാണ് വിലയിരുത്തൽ.

Most Read: മാലിന്യം വലിച്ചെറിയാതിരിക്കാൻ പൂന്തോട്ടം നിർമിച്ച് മൂന്നാര്‍ പഞ്ചായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE