അബുദാബി: താലിബാൻ ആക്രമണത്തെ തുടർന്ന് രാജ്യം വിട്ട അഫ്‌ഗാനിസ്‌ഥാൻ പ്രസിഡണ്ട് അഷ്‌റഫ് ഗനിക്ക് അഭയം നൽകിയതായി സ്‌ഥിരീകരിച്ച് യുഎഇ. മാനുഷിക പരിഗണന നൽകിയാണ് അഷ്‌റഫ് ഗനിക്കും കുടുംബത്തിനും രാജ്യത്ത് അഭയം നൽകിയതെന്നാണ് യുഎഇ വ്യക്‌തമാക്കിയത്. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്.
കഴിഞ്ഞ ഞായറാഴ്‌ച അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിൽ താലിബാൻ നിയന്ത്രണം കൈയ്യേറിയതോടെയാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടത്. ഇതേ തുടർന്ന് അദ്ദേഹം അബുദാബിയിൽ എത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടാകുന്നത് ഇപ്പോഴാണ്.
അയൽ രാജ്യമായ താജികിസ്‌ഥാനിലേക്ക് ഗനി കടന്നുവെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്. എന്നാൽ അവിടെ പ്രവേശനാനുമതി നിഷേധിച്ചതോടെ ഒമാനിൽ ഇറങ്ങിയേക്കാമെന്നും തുടർന്ന് യുഎസിലേക്ക് പോയേക്കാമെന്നുമാണ് ഊഹാപോഹങ്ങൾ നിലനിന്നിരുന്നത്. കൂടാതെ നാല് കാർ നിറയെ പണമടങ്ങിയ പെട്ടികളുമായാണ് ഗനി ഹെലികോപ്റ്ററിൽ കയറാൻ എത്തിയതെന്നാണ് കാബൂളിലെ റഷ്യൻ എംബസി വെളിപ്പെടുത്തിയത്.
Read also: താലിബാനെ വിലയിരുത്തേണ്ടത് പ്രവൃത്തികളിലൂടെ; ബ്രിട്ടീഷ് പ്രധാനമന്ത്രി








































